വിമാനം രാവിലെ 6.10ന് കോഴിക്കോട് വിമാനത്താവളത്തില്‍ ലാന്റ് ചെയ്യുന്നതിന് അര മണിക്കൂര്‍ മുമ്പായിരുന്നു  അന്ത്യം. 

ദുബൈ: യുഎഇയില്‍ നിന്ന് ചികിത്സക്കായി നാട്ടിലേക്ക് വരികയായിരുന്ന പ്രവാസി മലയാളി യുവാവ് വിമാനത്തില്‍ മരിച്ചു. മലപ്പുറം താനൂര്‍ സ്വദേശി മുഹമ്മദ് ഫൈസല്‍ (40) ആണ് എയര്‍ ഇന്ത്യ വിമാനത്തില്‍ മരിച്ചത്. മൂന്ന് വര്‍ഷത്തിലധികമായി ദുബൈയില്‍ ബിസിനസ് ചെയ്യുകയായിരുന്ന ഫൈസല്‍ ഷാര്‍ജയില്‍ നിന്നാണ് നാട്ടിലേക്ക് തിരിച്ചത്.

അര്‍ബുദം സ്ഥിരീകരിച്ചതിന് പിന്നാലെ ചികിത്സ തേടുന്നതിനായിരുന്നു നാട്ടിലേക്കുള്ള യാത്ര. ഒരു സുഹൃത്തും ഒപ്പമുണ്ടായിരുന്നു. വിമാനം രാവിലെ 6.10ന് കോഴിക്കോട് വിമാനത്താവളത്തില്‍ ലാന്റ് ചെയ്യുന്നതിന് അര മണിക്കൂര്‍ മുമ്പായിരുന്നു അന്ത്യം. ഫൈസല്‍ നാട്ടിലേക്ക് വരുന്നുണ്ടെന്ന അറിയിച്ചിരുന്നതിനാല്‍ സ്വീകരിക്കാനായി ഭാര്യ ആബിദ, മക്കളായ മുഹമ്മദ് ഫാദി, മുഹമ്മദ് ഫാസ് എന്നിവരും അടുത്ത ബന്ധുക്കളും വിമാനത്താവളത്തില്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.

പ്രവാസി മലയാളി സൗദിയില്‍ മരിച്ചു
റിയാദ്: ഐസിഎഫ് പ്രവര്‍ത്തകനായിരുന്ന മലയാളി സൗദി അറേബ്യയില്‍ മരിച്ചു. കോഴിക്കോട് ഫറോക്ക് മണ്ണൂര്‍ വളവില്‍ വടക്കുമ്പാട് വയലിലാകത്ത് മുഹമ്മദ് കോയ എന്ന കോയതങ്ങള്‍ (55) ആണ് ജിദ്ദയില്‍ മരിച്ചത്.

Read also: കണ്ണൂർ സ്വദേശിയായ പ്രവാസി യുവാവിന് ദുബായ് കോടതി തടഞ്ഞു വെച്ച പാസ്‍പോർട്ട് തിരികെ ലഭിച്ചു

ബുധനാഴ്ച വൈകിട്ടോടെ ജിദ്ദ കിങ് അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടര്‍ന്ന് കിങ് അബ്ദുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ടോടെ മരണപ്പെട്ടു. 30 വര്‍ഷത്തോളമായി ജിദ്ദ ഹജ്ജ് സേവന സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു. രണ്ടു വര്‍ഷത്തിലേറെയായി നാട്ടില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല. ഹജ്ജിന് ശേഷം അവധിക്ക് നാട്ടില്‍ പോകാനുള്ള തയ്യാറെടുപ്പിനിടെയാണ് മരണം സംഭവിച്ചത്. പിതാവ് പരേതനായ ബീരാന്‍ കോയ, മാതാവ് സൈനബ ബീവി, ഭാര്യ സൗദ മക്കള്‍ മുഹമ്മദ് ദില്‍ഷാദ്, നദാ മുഹമ്മദ്. സജീവ ഐസിഎഫ് പ്രവര്‍ത്തകനായിരുന്ന ഇദ്ദേഹം ശറഫിയ്യ യൂണിറ്റ് കമ്മറ്റി ഭാരവാഹി ആയിരുന്നു.