പ്രവാസി ഇന്ത്യൻ പൗരൻ യുഎഇയിൽ അന്തരിച്ചു. റെഡ് ബ്ലൂ ബ്ലർ ഐഡിയാസ് എന്ന കമ്പനിയുടെ സഹസ്ഥാപകനായ ദേവേഷ് മിസ്ത്രിയാണ് അന്തരിച്ചത്. ദുബൈ ആസ്ഥാനമായുള്ള അദ്ദേഹത്തിന്‍റെ കമ്പനിയാണ് ഞായറാഴ്ച മരണവാർത്ത പുറത്തുവിട്ടത്.

ദുബൈ: മിഡിൽ ഈസ്റ്റിലെ ഡിജിറ്റൽ ഡിസൈൻ രംഗത്തെ പ്രമുഖ വ്യക്തിത്വവും യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെ ഉപദേഷ്ടാവുമായിരുന്ന പ്രവാസി ഇന്ത്യൻ പൗരൻ യുഎഇയിൽ അന്തരിച്ചു. റെഡ് ബ്ലൂ ബ്ലർ ഐഡിയാസ് എന്ന കമ്പനിയുടെ സഹസ്ഥാപകനായ ദേവേഷ് മിസ്ത്രിയാണ് അന്തരിച്ചത്. ദുബൈ ആസ്ഥാനമായുള്ള അദ്ദേഹത്തിന്‍റെ കമ്പനിയാണ് ഞായറാഴ്ച മരണവാർത്ത പുറത്തുവിട്ടത്.

ഉപയോക്തൃ-സൗഹൃദ ഡിസൈനുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഈ മേഖലയിലെ ഡിജിറ്റൽ എക്സ്പീരിയൻസ് വ്യവസായത്തിന് രൂപം നൽകുന്നതിൽ പ്രധാന പങ്ക് വഹിച്ചിരുന്നു. 2011-ൽ അമോൽ കദമിനൊപ്പം ചേർന്ന് സ്ഥാപിച്ച കമ്പനിയിൽ 'സൂപ്പർമാൻ' എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. അദ്ദേഹത്തിന്‍റെ അർപ്പണബോധവും, സൂപ്പർമാൻ അതിവേഗത്തിൽ പറക്കുമ്പോഴുള്ള 'റെഡ് ബ്ലൂ ബ്ലർ' ദൃശ്യങ്ങളെ സൂചിപ്പിക്കുന്ന കമ്പനിയുടെ പേരും കാരണമാണ് ഈ വിളിപ്പേര് ലഭിച്ചത്.

'ആർബിബിഐ-യിലെ ഞങ്ങളെല്ലാവർക്കും അത്യധികം വേദന നൽകുന്ന വാർത്തയാണിത്. ഞങ്ങളുടെ സഹസ്ഥാപകനായ ദേവേഷ് മിസ്ത്രി അന്തരിച്ചു'- കമ്പനി ഞായറാഴ്ച ലിങ്ക്ഡ്ഇൻ പോസ്റ്റിൽ അറിയിച്ചു. മരണകാരണം കമ്പനി വ്യക്തമാക്കിയിട്ടില്ല. ആർബിബിഐയുടെ ആദ്യ നാളുകൾ മുതൽ അതിന്‍റെ പ്രേരകശക്തിയായിരുന്നു ദേവേഷ്. തങ്ങളിൽ പലർക്കും അദ്ദേഹം തങ്ങളുടെ സ്വന്തം സൂപ്പർമാൻ ആയിരുന്നു. കമ്പനിയുടെ സംസ്കാരം, ചിന്താരീതി, ക്ലയിന്‍റുമാരുമായും പരസ്പരമുള്ള ഞങ്ങളുടെ പ്രവർത്തന രീതി എന്നിവ രൂപപ്പെടുത്തുന്നതിൽ അദ്ദേഹത്തിന് നിർണ്ണായക പങ്കുണ്ടായിരുന്നതായും കമ്പനി അനുശോചന കുറിപ്പിൽ രേഖപ്പെടുത്തി.

'ദേവ്' എന്ന് അറിയപ്പെട്ടിരുന്ന ദേവേഷ്, ദുബൈയിലെ ആദ്യത്തെ യൂസർ എക്സ്പീരിയൻസ് (UX), യൂസർ ഇന്‍റർഫേസ് (UI), ഡിജിറ്റൽ പെർഫോമൻസ് മാർക്കറ്റിംഗ് ഏജൻസികളിലൊന്ന് സ്ഥാപിക്കുന്നതിൽ പങ്കുചേർന്നയാളാണ്. 1990-കളിൽ കോഡിങ്ങിൽ നിന്നാണ് കരിയർ ആരംഭിച്ചതെങ്കിലും ഉപയോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിൽ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു. മൈക്രോസോഫ്റ്റ്, ഐബിഎം, എമിറേറ്റ്സ് എൻബിഡി, മാസ്റ്റർകാർഡ് ഉൾപ്പെടെയുള്ള ആഗോള ബ്രാൻഡുകളുമായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മുംബൈയിൽ നിന്ന് ഫിസിക്സിൽ ബിരുദം നേടിയ അദ്ദേഹം മൈക്രോസോഫ്റ്റ് സർട്ടിഫൈഡ് പ്രഫഷനൽ കൂടിയായിരുന്നു. യൂണിവേഴ്സിറ്റി ഓഫ് ദുബായിൽ ഡിജിറ്റൽ സ്ട്രാറ്റജി പ്രോഗ്രാമുകളുടെ ലെക്ചറർ, മെന്റർ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.