കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ അഞ്ചാം ടെര്‍മിനലില്‍ വന്നിറങ്ങിയ ഇയാളെ സംശയം തോന്നി ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിച്ചു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ ലഹരി വസ്‍തുക്കളുമായി എത്തിയ ഇന്ത്യക്കാരന്‍ പിടിയിലായി. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. പെരുന്നാള്‍ അവധിക്കിടെയാണ് ഇയാള്‍ ലഹരി വസ്‍തുക്കളുമായി നാട്ടില്‍ നിന്ന് എത്തിയതെന്ന് കുവൈത്ത് കസ്റ്റംസ് പുറത്തുവിട്ട പ്രസ്‍താവനയില്‍ പറയുന്നു.

പെട്ടെന്ന് ശ്രദ്ധയില്‍പെടാത്ത തരത്തില്‍ ലഗേജിനുള്ളില്‍ വിദഗ്ധമായി ഒളിപ്പിച്ചാണ് ഇവ കൊണ്ടുവന്നത്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ അഞ്ചാം ടെര്‍മിനലില്‍ വന്നിറങ്ങിയ ഇയാളെ സംശയം തോന്നി ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിച്ചു. ഒന്‍പത് പാക്കറ്റ് ലഹരി വസ്‍‍തുക്കളാണ് ഇയാള്‍ ഇന്ത്യയില്‍ നിന്ന് കൊണ്ടുവന്നത്. പരിശോധനയില്‍ ഇത് ഹാഷിഷ് ആണെന്ന് കണ്ടെത്തിയതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. രാജ്യത്തിന്റെ വിവിധ അതിര്‍ത്തി പോയിന്റുകളില്‍ ജാഗ്രത കൈവിടാതെയുള്ള നിരീക്ഷണവും അതീവ സൂക്ഷ്മമായ പരിശോധനയും നടത്തുകയും അതുവഴി നിയമവിരുദ്ധ വസ്‍തുക്കള്‍ രാജ്യത്തേക്ക് എത്തുന്നത് തടയാന്‍ പരിശ്രമിക്കുകയും ചെയ്യുന്ന എല്ലാ കസ്റ്റംസ് ഉദ്യോഗസ്ഥരെയും അഭിനന്ദിക്കുന്നതായി കുവൈത്ത് കസ്റ്റംസ് ‍ഡയറക്ടര്‍ ജനറല്‍ സുലൈമാന്‍ അല്‍ ഫഹദ് പറഞ്ഞു.

Read also: സൗദി അറേബ്യയില്‍ മലയാളി കുടുംബം യാത്ര ചെയ്ത കാർ മറിഞ്ഞ് യുവതിയും ബാലികയും മരിച്ചു