നാട്ടിൽ അവധിക്ക് പോകാൻ ആഗ്രഹം പ്രകടിച്ചപ്പോഴാണ്, താൻ ഹുറൂബിൽ ആണെന്ന് സഫിയ മനസ്സിലാക്കിയത്. തുടർന്ന് ആ കുടുംബക്കാർ സഫിയയെ ദമ്മാം വനിതാ അഭയ കേന്ദ്രത്തിൽ എത്തിച്ചു.
റിയാദ്: സൗദി അറേബ്യയില്‍ (Saudi Arabia) സ്‍പോൺസർ അന്യായമായി ഹുറൂബ് കേസിലാക്കി നിയമക്കുരുക്കിൽപ്പെട്ട കർണാടക സ്വദേശിനിക്ക് മലയാളി സാമൂഹിക പ്രവർത്തകർ (Malayali Social Workers) തുണയായി. ദമ്മാമിലെ നവയുഗം ജീവകാരുണ്യ പ്രവർത്തകരുടെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങിയത് കർണാടക പുത്തൂർ സ്വദേശിനി സഫിയയാണ്.
നാലു വർഷം മുൻപാണ് സഫിയ ദമ്മാമിലെ ഒരു സൗദി പൗരന്റെ വീട്ടിൽ ജോലിക്ക് എത്തിയത്. രണ്ടു വർഷത്തോളം അവിടെ ജോലി ചെയ്തു. ആദ്യമൊക്കെ ശമ്പളം മാസാമാസം കിട്ടിയിരുന്നു. എന്നാൽ പിന്നീട് സ്‌പോൺസറുടെ സാമ്പത്തിക സ്ഥിതി മോശമായത് കാരണം, ശമ്പളം സമയത്തു കിട്ടാതെയായി. ഒടുവിൽ സ്‍പോൺസർ സഫിയയെ മറ്റൊരു സൗദി കുടുംബത്തിന് കൈമാറുകയായിരുന്നു. സ്‌പോൺസർഷിപ്പ് മാറ്റി എന്നായിരുന്നു സഫിയയോട് അയാൾ പറഞ്ഞത്. എന്നാൽ സഫിയ അറിയാതെ അവരെ ഹുറൂബ് (ഒളിച്ചോടിയ തൊഴിലാളി) സ്റ്റാറ്റസിൽ പെടുത്തുകയായിരുന്നു.
പുതിയ വീട്ടിൽ ഒരു വർഷത്തോളം നിന്ന ശേഷം, നാട്ടിൽ അവധിക്ക് പോകാൻ ആഗ്രഹം പ്രകടിച്ചപ്പോഴാണ്, താൻ ഹുറൂബിൽ ആണെന്ന് സഫിയ മനസ്സിലാക്കിയത്. തുടർന്ന് ആ കുടുംബക്കാർ സഫിയയെ ദമ്മാം വനിതാ അഭയ കേന്ദ്രത്തിൽ എത്തിച്ചു. അഭയകേന്ദ്രം അധികൃതർ അറിയിച്ചത് അനുസരിച്ചു അവിടെയെത്തിയ നവയുഗം ആക്ടിങ് പ്രസിഡന്‍റും ജീവകാരുണ്യ പ്രവർത്തകയുമായ മഞ്ജു മണിക്കുട്ടൻ സഫിയയുമായി സംസാരിച്ചു കാര്യങ്ങൾ മനസ്സിലാക്കുകയും അവരെ നാട്ടിൽ എത്തിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു.
മഞ്ജുവിന്റെയും നവയുഗം ജീവകാരുണ്യവിഭാഗത്തിന്‍റെയും ശ്രമഫലമായി ഓരോ നിയമക്കുരുക്കുകളും അഴിച്ചു. ഇന്ത്യൻ എംബസിയിൽ നിന്നും സഫിയക്ക് ഔട്ട് പാസ് വാങ്ങി നൽകി. ഒടുവിൽ വനിത അഭയകേന്ദ്രം അധികൃതരുടെ സഹായത്തോടെ ഫൈനൽ എക്സിറ്റും അടിച്ചു വാങ്ങി. നവയുഗത്തിന്റെ അഭ്യർത്ഥന മാനിച്ചു ചില കർണ്ണാടക സ്വദേശികൾ അവരുടെ ടിക്കറ്റ് സ്‍പോൺസർ ചെയ്തു. അങ്ങനെ നിയമനടപടികൾ പൂർത്തിയാക്കി, എല്ലാവർക്കും നന്ദി പറഞ്ഞു സഫിയ നാട്ടിലേയ്ക്ക് മടങ്ങി.
സൗദി അറേബ്യയിൽ പുതിയ കൊവിഡ് ബാധിതരുടെ എണ്ണം മുന്നൂറിൽ താഴെ
റിയാദ്: സൗദി അറേബ്യയിൽ പുതിയ കൊവിഡ് രോഗികളുടെ എണ്ണം മൂന്നൂറില്‍ താഴെയായി. പുതുതായി 279 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ ചികിത്സയിലായിരുന്ന 645 പേർ രോഗമുക്തി നേടി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 7,47,715 ഉം രോഗമുക്തരുടെ എണ്ണം 7,28,189ഉം ആയി.
ഒരു കൊവിഡ് മരണം കൂടി പുതിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 9,009 ആയി. നിലവിൽ 10,517 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 410 പേരുടെ നില ഗുരുതരമാണ്. ഇവരെ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സൗദി അറേബ്യയിൽ നിലവിലെ കൊവിഡ് മുക്തി നിരക്ക് 97.38 ശതമാനവും മരണനിരക്ക് 1.20 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതിയതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് - 86, ജിദ്ദ - 28, ദമ്മാം - 14, മദീന - 14, മക്ക - 10, അബഹ - 9. സൗദി അറേബ്യയിൽ ഇതുവരെ 6,15,65,346 ഡോസ് കൊവിഡ് വാക്സിൻ വിതരണം ചെയ്തു.
