മനാമ: മലയാളി യുവാവിനെ ബഹ്റൈനില താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 31 വയസുകാരനായ അരുണ്‍കുമാര്‍ അരവിന്ദാക്ഷന്‍നാണ് മരിച്ചതെന്ന് ഗള്‍ഫ് ഡെയിലി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. വിസ കാലാവധി കഴിഞ്ഞിട്ടും നാട്ടിലേക്ക് മടങ്ങാതെ അനധികൃതമായി ജോലി ചെയ്തിരുന്ന അദ്ദേഹം സാമ്പത്തിക പരാധീനതകളാല്‍ ബുദ്ധിമുട്ടിയിരുന്നു. 

സാമ്പത്തിക പരാധീനതകള്‍ക്ക് പുറമെ നിയമവിരുദ്ധമായി രാജ്യത്ത് തുടരുന്നതിനെക്കുറിച്ചും അരുണിന് ആശങ്കകളുണ്ടായിരുന്നെന്ന് സുഹൃത്ത് പറഞ്ഞു. നേരത്തെയുണ്ടായിരുന്ന തൊഴില്‍ ഉപേക്ഷിച്ചതിന് ശേഷം പിന്നീട് രണ്ട് കമ്പനികളില്‍ ജോലി ചെയ്തെങ്കിലും ശമ്പളം ലഭിക്കുകയോ താമസ രേഖകള്‍ ശരിയാക്കി നല്‍കുകയോ ചെയ്തില്ല. നേരത്തെ ബഹ്റൈന്‍ പോളിസ്റ്റൈറിന്‍ ഫാക്ടറിയില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്തിരുന്ന അദ്ദേഹം നാട്ടില്‍ മെച്ചപ്പെട്ട ജോലി കിട്ടിയെന്ന് പറഞ്ഞാണ് കഴിഞ്ഞ നവംബറില്‍ രാജിവെച്ചതെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.

രാജിവെച്ചതിന് പിന്നാലെ ശമ്പളവും വിമാന ടിക്കറ്റും നല്‍കി വിമാനത്താവളത്തില്‍ കൊണ്ടുവിട്ടതാണെന്നും എന്നാല്‍ നാട്ടിലേക്ക് മടങ്ങാതെ ബഹ്റൈനില്‍ തന്നെ തുടര്‍ന്ന് ഗുദൈബിയയില്‍ നിയമവിരുദ്ധമായി ജോലി ചെയ്യുന്നതായി പിന്നീട് മനസിലായെന്നും കമ്പനി അധികൃതര്‍ പറഞ്ഞു. രാജ്യത്ത് നിന്ന് മടങ്ങാത്തത് കൊണ്ട് വിസ റദ്ദായില്ലെന്നാണ് ഇപ്പോള്‍ മനസിലാവുന്നത്. മറ്റ് ജോലി ലഭിച്ചപ്പോള്‍ അദ്ദേഹം വിസ മാറ്റിയിട്ടുണ്ടാവില്ലെന്നും കമ്പനി പറയുന്നു.

ഈ വര്‍ഷം ബഹ്റൈനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന 23-ാമത്തെ ആത്മഹത്യയാണിത്. ഇതില്‍ 21 പേരും പ്രവാസികളായിരുന്നു. പ്രതിമാസം ശരാശരി നാല് പ്രവാസികള്‍ ആത്മഹത്യ ചെയ്യുന്നുവെന്നാണ് കണക്കെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. 2017ല്‍ രാജ്യത്ത് ആകെ 16 പ്രവാസികളായിരുന്നു ആത്മഹത്യ ചെയ്തിരുന്നതെങ്കില്‍ കഴിഞ്ഞ വര്‍ഷം ഇത് 37 ആയി ഉയര്‍ന്നു. പ്രവാസികള്‍ക്കിടയില്‍ ആത്മഹത്യ പ്രവണത വര്‍ദ്ധിക്കുന്നതായി സന്നദ്ധ സംഘടകളും വ്യക്തമാക്കുന്നു. ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ സൂയിസൈഡ് ഹെല്‍പ് ലൈനില്‍ ദിവസവും രണ്ട് പേരെങ്കിലും വിളിക്കാറുണ്ടെന്നും അധികൃതര്‍ പറയുന്നു.

ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ സൂയിസൈഡ് ഹെല്‍പ് ലൈനുകള്‍ - 38415171, 35990990
പ്രവാസി ഗൈഡന്‍സ് ഫോറം ഹെല്‍പ് ലൈന്‍ - 35680258, 38024189
പലിശ വിരുദ്ധ സമിതി ഹെല്‍പ് ലൈന്‍ - 33882835, 38459422