ജോലിക്കാരിയുണ്ടാക്കുന്ന ഭക്ഷണത്തിന് രുചി വ്യത്യാസം അനുഭവപ്പെടാന്‍ തുടങ്ങിയതു മുതലാണ് കുടുംബാംഗങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഇതേ തുടര്‍ന്ന് ജോലിക്കാരി അറിയാതെ അടുക്കളയില്‍ ഒരു സിസിടിവി ക്യാമറ സ്ഥാപിച്ച് നിരീക്ഷിച്ചു.

കുവൈത്ത് സിറ്റി: ജോലിക്ക് നിന്ന സ്വദേശിയുടെ വീട്ടില്‍ ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്തി വിളമ്പിയ വീട്ടുജോലിക്കാരി പിടിയിലായി. ഇന്ത്യക്കാരിയായ ഇവര്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഭക്ഷണത്തില്‍ വിസര്‍ജ്യം കലര്‍ത്തുന്നതായാണ് കണ്ടെത്തിയത്. സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം തൊഴിലുടമ സുരക്ഷാ ഉദ്യോഗസ്ഥരെ സമീപിച്ച് പരാതി നല്‍കുകയായിരുന്നു.

ജോലിക്കാരിയുണ്ടാക്കുന്ന ഭക്ഷണത്തിന് രുചി വ്യത്യാസം അനുഭവപ്പെടാന്‍ തുടങ്ങിയതു മുതലാണ് കുടുംബാംഗങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഇതേ തുടര്‍ന്ന് ജോലിക്കാരി അറിയാതെ അടുക്കളയില്‍ ഒരു സിസിടിവി ക്യാമറ സ്ഥാപിച്ച് നിരീക്ഷിച്ചു. ഇതിലെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ വീട്ടുകാര്‍ക്ക് ബോധ്യപ്പെട്ടത്. പ്രത്യേകം പാത്രത്തിലാക്കി സൂക്ഷിച്ചിരുന്ന മാലിന്യങ്ങള്‍, ജോലിക്കാരി തങ്ങളുടെ ഭക്ഷണത്തിലും പാനീയങ്ങളിലും കലര്‍ത്തുന്നതായി കണ്ടെത്തുകയായിരുന്നു.

വീഡിയോ ക്ലിപ്പുകള്‍ സഹിതം ചോദ്യം ചെയ്‍തപ്പോള്‍ ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്തിയ കാര്യം ജോലിക്കാരി സമ്മതിച്ചു. തനിക്കായി നിര്‍മിച്ച ടോയ്‍ലറ്റ് വീടിന്റെ മുകളിലായിപ്പോയതിന്റെ പ്രതികാരമായാണ് ഭക്ഷണം മാലിന്യം കലര്‍ത്തിയതെന്നും ഒരു വര്‍ഷത്തിലേറെയായി ഇത് ചെയ്‍തു വരുന്നുണ്ടെന്നും അവര്‍ പറഞ്ഞു. 

കുടുംബം ജോലിക്കാരിയില്‍ പുലര്‍ത്തിയ വിശ്വാസം ദുരുപയോഗം ചെയ്‍ത് അവരെ വഞ്ചിച്ചതായി ബോധ്യപ്പെട്ടതിന് പിന്നാലെ ഇവരെ നാടുകടത്താന്‍ ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ അബ്‍ദീന്‍ അല്‍ അബ്‍ദീന്‍ ഉത്തരവിട്ടു. ഒരു വര്‍ഷത്തിലേറെയായി ഭക്ഷണത്തില്‍ ഇവര്‍ മാലിന്യം കലര്‍ത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. വധശ്രമത്തിന് കേസെടുക്കാന്‍ മാത്രമുള്ള കുറ്റകൃത്യമാണ് ഇവര്‍ ചെയ്‍തത്. വീഡിയോ ക്ലിപ്പുകള്‍ കുറ്റകൃത്യം തെളിയിക്കാന്‍ പര്യാപ്‍തമായ തെളിവാണെങ്കിലും പകരം അവരെ നാടുകടത്താനുള്ള തീരുമാനമെടുക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.