ഒമാനിലെ ഇന്ത്യൻ സ്കൂൾ ബോർഡിന്‍റെ നേതൃത്വത്തിലും സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

മസ്കറ്റ്: 79 -ാമത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഒമാനിലെ പ്രവാസി സമൂഹം. മസ്‌കറ്റിലെ ഇന്ത്യൻ എംബസിയില്‍ വെളുപ്പിനെ 5:42 ന് ജി വി ശ്രീനിവാസ് ദേശീയ പതാക ഉയർത്തി. എംബസിയിലെ ഉയർന്ന ഉദ്യോഗസ്ഥർ, കാര്യാലയത്തിലെ മറ്റു ജീവനക്കാർ, വിവിധ മേഖലയിൽ പ്രവർത്തിച്ചു വരുന്ന ഇന്ത്യൻ സമൂഹത്തിലെ പ്രമുഖർ, സാമൂഹിക പ്രവർത്തകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഒമാനിലെ ഇന്ത്യൻ സ്കൂൾ ബോർഡിന്‍റെ നേതൃത്വത്തിലും സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. മസ്കറ്റ് ഇന്ത്യൻ സ്കൂളിൽ ഒരുക്കിയിരിക്കുന്ന ആഘോഷപരിപാടിയിൽ ഇന്ത്യൻ സ്ഥാനപതി ജി വി ശ്രീനിവാസ്, ഇന്ത്യൻ സ്കൂൾ ബോർഡ് ചെയർമാൻ സൈദ് സൽമാൻ,എംബസ്സി ഉദ്യോഗസ്ഥർ, സ്കൂൾ ബോർഡ് അംഗങ്ങൾ മറ്റു വിശിഷ്ടാത്ഥികൾ , രക്ഷകർത്താക്കൾ എന്നിവർ പങ്കെടുമെന്ന് സ്കൂൾ ബോർഡ് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. മസ്കറ്റ് ഇന്ത്യൻ സ്കൂൾ അങ്കണത്തിൽ എട്ട് മണിക്ക് ആരംഭിക്കുന്ന പരിപാടികൾ പത്ത് മണിയോടുകൂടി അവസാനിച്ചു. ആഘോഷങ്ങളുടെ ഭാഗമായി വിവിധ ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർത്ഥികൾ കലാപരിപാടികളും അവതരിപ്പിച്ചു.

ഒമാനിലെ ഇന്ത്യൻ സ്കൂൾ ബോർഡിന്റെ കീഴിൽ 21 സ്കൂളുകളിലായി 46,750 വിദ്യാർത്ഥികളാണ് അദ്ധ്യയനം നടത്തി വരുന്നത്. ഏഴര ലക്ഷത്തിലധികം ഇന്ത്യക്കാരാണ് സ്ഥിരതാമസക്കാരായി ഓമനിലുള്ളതും. മസ്കറ്റ് ഇന്ത്യൻ സോഷ്യൽ ക്ലബിന്റെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ വൈകുന്നേരം ആറരക്ക് അൽ ബുസ്താൻ പാലസ് റിറ്റസ് കാർൾട്ടൻ ഹോട്ടലിൽ നടക്കുമെന്നും ക്ലബ് ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്. 

Scroll to load tweet…