ദുബായ്: താമസ സ്ഥലത്തെ ലിഫ്റ്റില്‍ വെച്ച് ബാലികയെ ഉപദ്രവിച്ച കേസില്‍ ഇന്ത്യക്കാരന്‍ ദുബായില്‍ പിടിയിലായി. 34കാരനായ പ്രതി 13 വയസുള്ള കുട്ടിയോടാണ് അപമര്യാദയായി പെരുമാറിയത്. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നമെന്ന് പ്രോസിക്യൂഷന്‍ ദുബായ് പ്രാഥമിക കോടതിയില്‍ ആവശ്യപ്പെട്ടു.

ഏപ്രില്‍ 25നാണ് കേസിനാസ്‍പദമായ സംഭവം നടന്നത്. അഞ്ച് വയസുള്ള സഹോദരനൊപ്പം അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിന്റെ  പുറത്തുനില്‍ക്കുകയായിരുന്ന ബാലികയെ പ്രതി പിന്തുടരുകയും കുട്ടികള്‍ ലിഫ്റ്റില്‍ കയറിയപ്പോള്‍ പിന്നില്‍ നിന്ന് ചേര്‍ത്തുപിടിച്ച് ഉപദ്രവിക്കുകയുമായിരുന്നു. വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു സംഭവം. പേടിച്ചരണ്ട പെണ്‍കുട്ടി ലിഫ്റ്റില്‍ നിന്ന് ഓടിയിറങ്ങി വീട്ടില്‍ കയറിയശേഷം അമ്മയോട് വിവരം പറയുകയായിരുന്നു. ഇന്ത്യയില്‍ നിന്ന് അമ്മയോടൊപ്പം സന്ദര്‍ശക വിസയിലാണ് കുട്ടി യുഎഇയിലെത്തിയത്. തനിക്ക് ഇവിടെ നില്‍ക്കാന്‍ പേടിയാണെന്നും നാട്ടിലേക്ക് തിരിച്ചുപോകണമെന്നും കുട്ടി പറഞ്ഞതായി അമ്മ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു.

കുട്ടിയെ പിന്തുടര്‍ന്ന് വീട്ടിലേക്ക് വരികയായിരുന്ന പ്രതി, അമ്മയെ കണ്ടോതോടെ ഓടി രക്ഷപെട്ടു. ലിഫ്റ്റില്‍ വെച്ച് മകളോട് സംസാരിക്കുകയും ശരീരത്തോട് ചേര്‍ത്ത് നിര്‍ത്തുകയും ചെയ്തുവെന്നും കെട്ടിടത്തിന്റെ മുകളിലേക്ക് പോകാന്‍ ക്ഷണിച്ചുവെന്നും അമ്മ പറഞ്ഞു. രാത്രിയില്‍ കുട്ടി ഉറങ്ങാനാവാതെ കരഞ്ഞുകൊണ്ടിരുന്നു. പിന്നീട് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പ്രതി കുട്ടികളെ പിന്തുടരുന്നത് വ്യക്തമായി. ഏപ്രില്‍ 27നാണ് പൊലീസില്‍ പരാതി നല്‍കിയത്. പിന്നീട് കരാമ സുഖിന് സമീപത്തുവെച്ച് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഉപദ്രവിച്ചതിന്റെ പിറ്റേദിവസവും ഇയാള്‍ കുട്ടിയെ അന്വേഷിച്ച് ഫ്ലാറ്റിന് സമീപത്ത് എത്തിയിരുന്നതായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് കണ്ടെത്തി.

കോടതിയില്‍ കുറ്റം നിഷേധിച്ച പ്രതി, താന്‍ അബദ്ധത്തില്‍ സ്പര്‍ശിച്ചതാണെന്ന് വാദിച്ചു. എന്നാല്‍ തനിക്ക് കുട്ടികളില്ലാത്തതിനാല്‍, കുട്ടികളെ വലിയ ഇഷ്ടമാണെന്നും അതുകൊണ്ടാണ് ശരീരത്തില്‍ സ്പര്‍ശിച്ചതെന്നുമാണ് പ്രതി പൊലീസിന്റെ ചോദ്യം ചെയ്യലിനിടെ പറഞ്ഞിരുന്നത്. കേസില്‍ സെപ്തംബര്‍ 22ന് കോടതി വിധി പറയും.