Asianet News MalayalamAsianet News Malayalam

ഇന്ത്യന്‍ ഹോക്കി ഇതിഹാസം സയ്യിദ് അലി സിബ്‌തൈന്‍ നഖ്‌വി അന്തരിച്ചു

1973 -75ലെ ഇന്ത്യന്‍ പുരുഷ ഹോക്കി ടീം, 1978-79ലെ ഇന്ത്യന്‍ വനിതാ ഹോക്കി ടീം 1982ല്‍ ഒമാനിന്റെ ദേശീയ ഹോക്കി ടീം എന്നീ ടീമുകളുടെ പരിശീലകനായും 18 വര്‍ഷം ഒമാന്‍ ഒളിമ്പിക് കമ്മിറ്റിയുടെ സാങ്കേതിക ഉപദേഷ്ടാവുമായിരുന്നു അന്തരിച്ച സയ്യിദ് അലി സിബ്‌തൈന്‍ നഖ്‌വി.

Indian hockey legend Saiyed Ali Sibtain Naqvi passed away
Author
Muscat, First Published Nov 10, 2021, 10:14 PM IST

മസ്‌കറ്റ്: ഇന്ത്യന്‍ ഹോക്കി(hockey) ഇതിഹാസം സയ്യിദ് അലി സിബ്‌തൈന്‍ നഖ്‌വി(Saiyed Ali Sibtain Naqvi) (89) ഒമാനില്‍(Oman) അന്തരിച്ചു. മുന്‍ ഇന്ത്യ, ഒമാന്‍ ഹോക്കി പരിശീലകനും ഇന്ത്യന്‍ വനിതാ ടീം പരിശീലകനുമായിരുന്ന നഖ്‌വി ഇന്ന് രാവിലെ മസ്കറ്റിലാണ് (Muscat)മരണമടഞ്ഞത്.  

1982-ല്‍ രണ്ടുവര്‍ഷത്തെ ഡെപ്യൂട്ടേഷനില്‍ ഒമാനിലെത്തിയ സയ്യിദ് നഖ്‌വി, പിന്നീട് 39 വര്‍ഷം ഒമാനില്‍ തുടരുകയായിരുന്നു. ഒമാനില്‍ ഹോക്കി പുനരുജ്ജീവിപ്പിക്കുകയും രാജ്യത്ത്  ഒളിമ്പിക് പ്രസ്ഥാനം ആരംഭിക്കുകയും ചെയ്തു. 1973-75ലെ  ഇന്ത്യന്‍ പുരുഷ ഹോക്കി ടീം, 1978-79ലെ ഇന്ത്യന്‍ വനിതാ ഹോക്കി ടീം 1982ല്‍ ഒമാനിന്റെ ദേശീയ ഹോക്കി ടീം എന്നീ ടീമുകളുടെ പരിശീലകനായും 18 വര്‍ഷം ഒമാന്‍ ഒളിമ്പിക് കമ്മിറ്റിയുടെ സാങ്കേതിക ഉപദേഷ്ടാവുമായിരുന്നു അന്തരിച്ച സയ്യിദ് അലി സിബ്‌തൈന്‍ നഖ്‌വി.

1984 മുതല്‍ 2002 വരെ സയ്യിദ് നഖ്‌വി അഞ്ച് ഒളിമ്പിക്‌സുകളുടെ ഉപദേഷ്ടാവായും ഒമാന്‍ ഒളിമ്പിക് കമ്മിറ്റിയില്‍ രണ്ട് പതിറ്റാണ്ടോളം  സേവനം അനുഷ്ഠിച്ചിട്ടുമുണ്ട്. 'ഇന്ത്യന്‍ പുരുഷ-വനിത ഹോക്കി ടീമിന്റെയും ഒമാന്‍ ഹോക്കി ടീമിന്റെയും പരിശീലകനായി സേവനമനുഷ്ഠിച്ച, കായിക രംഗത്ത് വളരെ പ്രിയപ്പെട്ടതും ബഹുമാനിക്കപ്പെടുന്നതുമായ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു സയ്യിദ് നഖ്‌വിയെന്ന്'  മസ്‌കറ്റ് ഇന്ത്യന്‍ എംബസ്സി പുറത്തിറക്കിയ അനുശോചന കുറിപ്പില്‍ പറയുന്നു. ഒമാന്‍ സമയം വൈകിട്ട് 4.30 ഓടെ മൃതദേഹം  ആമിറാത്ത് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

 

Follow Us:
Download App:
  • android
  • ios