ദില്ലി: യെമനിൽ യുദ്ധത്തിന് ഇരയായവർക്ക് സാന്ത്വനവും അത്യാധുനിക ചികിത്സയും ഒരുക്കുന്നതിന് ഇന്ത്യയെ നന്ദി അറിയിച്ച് യുഎഇ. യുദ്ധത്തിൽ പരിക്കേറ്റ 600 പേർക്കാണ് ദില്ലിയിലെ മെഡിയോ‌ർ ആശുപത്രിയിൽ ചികിത്സ ലഭ്യമാക്കിയത്.

മരണമുഖത്ത് നിന്ന് ജീവിതത്തിലേക്ക് തിരിച്ചു വന്നതിന്‍റെ പുഞ്ചിരിയാണ് ഇവരുടെ മുഖത്ത്. 3,600 കിലോമീറ്റർ അകലെയുള്ള സ്വദേശത്ത് ഇനിയും യുദ്ധം അവസാനിച്ചിട്ടില്ലെങ്കിലും മരണത്തെ മറികടന്ന ആശ്വാസത്തിലാണ് ഈ മനുഷ്യർ. യെമനിൽ നിന്ന് ദില്ലിയിലെ വിപിഎസ് മെഡിയോർ ആശുപത്രിയിലേക്കാണ് കേന്ദ്രത്തിൻറെ അനുമതിയോടെ പരിക്കേറ്റവരെ എത്തിക്കുന്നത്

പരിക്കേറ്റവർക്ക് ഇന്ത്യ നല്കുന്ന കരുതലിന് നന്ദിയെന്ന് യുഎഇ സ്ഥാനപതി അഹമ്മദ് അൽ ബന്ന പറഞ്ഞു. വെടിയേറ്റവരും അംഗഭംഗം വന്നവരും ഉൾപ്പടെ 28 പേ‍ർകൂടി ചികിത്സക്കായി ദില്ലിയിൽ എത്തിയിട്ടുണ്ട്. വിദഗ്ധ ഡോക്ടര്‍മാർ അടങ്ങുന്ന 50 അംഗ പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിലാണ് ചികിത്സ. യുഎഇ സർക്കാരും എമിറേറ്റ്‌സ് റെഡ് ക്രസന്റും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിക്ക് കേന്ദ്ര സർക്കാരും എല്ലാ സഹായവും നല്കും.