ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ വീണ്ടും ഭാ​ഗ്യ തുണച്ചത് ഇന്ത്യക്കാരനെ. 36–ാം വാർഷികത്തോട് അനുബന്ധിച്ച് നടന്ന നറുക്കെടുപ്പിലാണ് ഇന്ത്യക്കാരനെ ഭാ​ഗ്യം തുണച്ചത്. വിക്രാന്ത് ബിശ്വകർമയാണ് 10 ലക്ഷം യുഎസ് ഡോളർ (ഏതാണ്ട് ഏഴ് കോടിയിലേറെ രൂപ) സ്വന്തമാക്കിയത്. 

ഓൺലൈൻ വഴിയായിരുന്നു വിക്രാന്ത് ബിശ്വകർമ ടിക്കറ്റ് എടുത്തത്. 4411 എന്ന നമ്പറിലൂടെയാണ് അദ്ദേഹത്തെ ഭാഗ്യം തേടി എത്തിയത്. ദുബായ് ഡ്യൂട്ടി ഫ്രീയുടെ ആഡംബര വാഹനങ്ങളുടെ നറുക്കെടുപ്പും ഇന്നു തന്നെ നടന്നു. ഇന്ത്യക്കാരനായ മുഹമ്മദ് മൊമീനിന് അപ്രീല ടുനോ ആർആർ മോട്ടോർ ബൈക്ക് ലഭിച്ചു. ബ്രിട്ടിഷ് പൗരൻ വില്യം ഡുൻകാനിന് ബെൻസിന്റെ എസ്560 മോഡൽ കാറും ജർമൻ സ്വദേശിയായ റയ്ഫ് സ്നോവിച്ചിന് റേഞ്ച് റോവർ എച്ച്എസ്ഇ 360 പിഎസ് കാറുമാണ് സമ്മാനമായി ലഭിച്ചത്. 

അതേസമയം, ഇന്ന് തന്നെ നടന്ന മറ്റൊരു നറുക്കൊടുപ്പിൽ ഫിലിപ്പീൻ സ്വദേശിനി മെലഡി ക്യർട്ടേനക്കും 10 ലക്ഷം യുഎസ് ഡോളർ (ഏതാണ്ട് ഏഴ് കോടിയിലേറെ രൂപ) സ്വന്തമായി. കഴിഞ്ഞ നാല് വർഷമായി ദുബായിൽ താമസിക്കുന്നയാളാണ് മെലഡി ക്യർട്ടേന.1875 എന്ന നമ്പറാണ് മെലഡിക്ക് ഭാഗ്യം കൊണ്ടുവന്നത്. ആദ്യമായാണ് ഇവർ ഓൺലൈൻ വഴി ടിക്കറ്റ് എടുക്കുന്നത്. ഒരു ഇൻഷുറൻസ് കമ്പനിയിൽ ജോലി ചെയ്യുന്ന മെലഡി വലിയ സന്തോഷത്തോടെയാണ് ഈ വാർത്ത സ്വീകരിച്ചത്. വളരെ നന്ദിയുണ്ടെന്നും പ്രാർത്ഥനകൾക്കുള്ള ഉത്തരമാണിതെന്നും അവർ പ്രതികരിച്ചു.