അബുദാബി: മുസഫയിലെ അബുദാബി മലയാളി സമാജത്തില്‍ ഇനി എംബസി സേവനങ്ങളും ലഭ്യമായിത്തുടങ്ങും. പാസ്പോര്‍ട്ട് പുതുക്കല്‍, സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍, വിസ സംബന്ധമായ മറ്റ് സേവനങ്ങള്‍ തുടങ്ങിയവയൊക്കെ ഇവിടെ ലഭ്യമാക്കുന്ന തരത്തിലാണ് എംബസിയുടെ പദ്ധതി. മുസഫയിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ഇത് പ്രയോജനപ്പെടുത്താനാവും.

പുതിയ പദ്ധതിക്ക് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ നവദ്വീപ് സിങ് സുരി അംഗീകാരം നല്‍കി. മലയാളി സമാജത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ പരിശോധിക്കാന്‍ ഞായറാഴ്ച എംബസി ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കും. മുസഫ, ശാബിഅ, ശഹാമ, അല്‍ മഫ്റഖ്, ബനിയാസ്, മുഹമ്മദ് ബിന്‍ സായിദ് സിറ്റി തുടങ്ങിയ പ്രദേശങ്ങളിലുള്ള പ്രവാസികള്‍ക്ക് പദ്ധതി ഏറെ പ്രയോജനപ്പെടുമെന്ന് ഇന്ത്യന്‍ എംബസി കൗണ്‍സലര്‍ എം രാജമുരുകന്‍ പറഞ്ഞു. വെള്ളിയാഴ്ചകളിലായിരിക്കും സേവനം ലഭ്യമാവുന്നത്. ഈ മാസം അവസാനം മുതല്‍ തന്നെ പദ്ധതി നടപ്പിലാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. യുഎഇയിലെ ഇന്ത്യന്‍ പാസ്പോര്‍ട്ട് സേവനദാതാക്കളായ ബിഎല്‍എസ് ഇന്റര്‍നാഷണല്‍ ഉദ്യോഗസ്ഥരും ഞായറാഴ്ച അബുദാബി മലയാളി സമാജം സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ വിലയിരുത്തും.