മനാമ: ബഹ്‌റൈനില്‍ നടന്ന അന്താരാഷ്ട പ്രതിരോധ പ്രദര്‍ശനത്തില്‍ ഇന്ത്യന്‍ പവിലിയന്‍ ശ്രദ്ധേയമായി. പവിലിയന്‍ സന്ദര്‍ശിച്ച സൗദി അറേബ്യ, ജോര്‍ദാന്‍, ബഹ്‌റൈന്‍, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ സൈനിക പ്രതിനിധികള്‍ ഇന്ത്യയുടെ പ്രതിരോധ ഉപകരണങ്ങളില്‍ താല്പര്യം പ്രകടിപ്പിച്ചു. ഇന്ത്യയുടെ ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ)വികസിപ്പിച്ച ഉപരിതല-വ്യോമ മിസൈലായ ആകാശിനാണ് കൂടുതല്‍ അന്വേഷണങ്ങളുണ്ടായത്. 

വൈമാനികാനില്ലാതെ പറത്താവുന്ന റുസ്തം 2, ആന്റി ടാങ്ക് മിസൈല്‍, പ്രദര്‍ശനത്തിനുണ്ടായിരുന്ന ഷെല്ലുകള്‍ തുടങ്ങിയവയിലും സന്ദര്‍ശകര്‍ താലപര്യം പ്രകടിപ്പിച്ചയായി ഡി.ആര്‍.ഡി.ഒ അധികൃതര്‍ അറിയിച്ചു. ബഹ്‌റൈന്‍ രാജകുടുംബാംഗവും റോയല്‍ ഗാര്‍ഡ് കമ്മാണ്ടറുമായ ശൈഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫയും ഇന്ത്യന്‍ പവലിയിന്‍ സന്ദര്‍ശിച്ചു. വിവിധ രാജ്യങ്ങള്‍ പങ്കെടുത്ത പ്രദര്‍ശനത്തില്‍ താരതമ്യേന വലിയ പവിലിയനാണ് ഇന്ത്യ ഒരുക്കിയത്.

പ്രതിരോധ ആയുധ നിര്‍മ്മാണ രംഗത്ത് ഇന്ത്യയുടെ ശേഷി വെളിപ്പെടുത്തുന്ന വിധം വിവിധ മോഡലുകള്‍ നിരത്തിയാണ് പവിലിയനൊരുക്കിത്. ഡി.ആര്‍.ഡി.ഒക്ക് പുറമെ ഓര്‍ഡനന്‍സ് ഫാക്ടറി (ഒ.എഫ്.ബി)യുടെയും  ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡി (ബി.ഡി.എല്‍)ന്റെയും പങ്കാളിത്തത്തോടെയാണ് പ്രദര്‍ശത്തില്‍ പങ്കെടുത്തത്.