അബുദാബി: ലൈംഗിക പീഡന പരാതിയെ തുടര്‍ന്ന് യുഎഇയില്‍ അറസ്റ്റ് ചെയ്ത ബോളിവുഡ് ഗായകന്‍ മിക സിങിനെ മോചിപ്പിച്ചു. ഇന്ത്യന്‍ എംബസിയുടെ ഇടപെടലിനെ തുടര്‍ന്നാണ് മോചനം സാധ്യമായതെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ നവദീപ് സിങ് സുരി അറിയിച്ചു.

കേസിന്റെ വിചാരണ തുടങ്ങുമ്പോള്‍ മിക സിങ് കോടതിയില്‍ ഹാജരാകുമെന്നും എംബസി അധികൃതര്‍ അറിയിച്ചു. 17കാരിയായ ബ്രസീലിയന്‍ പെണ്‍കുട്ടിക്ക് അശ്ലീല ചിത്രങ്ങള്‍ അയച്ചുവെന്ന പരാതിയിലായിരുന്നു അറസ്റ്റ്. ദുബായില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ശേഷം മിക സിങിനെ അബുദാബിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. പരാതി ലഭിച്ചത് അബുദാബിയിലായിരുന്നതിനാലാണ് അവിടേക്ക് കൊണ്ടുപോയത്.

സംഭവം പുറത്തുവന്നതോടെ ഇന്ത്യന്‍ എംബസി ഉദ്ദ്യോഗസ്ഥര്‍ മോചന ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. ഇതേ തുടര്‍ന്നാണ് നടപടികള്‍ പൂര്‍ത്തിയാക്കി, പിന്നീട് കോടതിയില്‍ ഹാജരാകാമെന്ന ഉറപ്പില്‍ വിട്ടയച്ചത്.