രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം ഇന്ത്യൻ സ്ഥാനപതി ചടങ്ങിൽ വായിച്ചു.
മസ്കറ്റ്: വിപുലമായ പരിപാടികളോടെ ഒമാനിലെ ഇന്ത്യൻ സമൂഹം റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. ഒമാൻ സമയം രാവിലെ എട്ട് മണിക്ക് ഇന്ത്യൻ സ്ഥാനപതി അമിത് നാരങ് മസ്കത്തിലെ എംബസിയിൽ ദേശിയ പതാക ഉയർത്തിയതോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. മസ്കറ്റ് ഗവർണറേറ്റിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളും രക്ഷകർത്താക്കളും ചടങ്ങുകളിൽ പങ്കെടുത്തു.
ഇന്ത്യയുടെ പുരോഗതി, ജനാധിപത്യ മൂല്യങ്ങൾ, ഭാവിയിലേക്കുള്ള കാഴ്ചപാടുകൾ എന്നിവ ഉയർത്തിക്കാട്ടുന്ന രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശത്തിൽ നിന്നുള്ള പ്രധാന ഭാഗങ്ങൾ സ്ഥാനപതി ചടങ്ങിൽ വായിച്ചു. തുടർന്ന് ഒൻപതു മണിക്ക് ദാർസൈറ്റ് ഇന്ത്യൻ സ്കൂൾ സ്റ്റേഡിയത്തിൽ നടന്ന മാർച്ച്പാസ്റ്റിൽ സ്ഥാനപതി അമിത് നാരങ് സല്യൂട്ട് സ്വീകരിച്ചു. ദാർസൈത്, ഗുബ്ര, സീബ്, മബേല, വാദി കബീർ,മസ്കറ്റ് എന്നീ ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർത്ഥികളായിരുന്നു മാർച്ച് പാസ്റ്റിൽ പങ്കെടുത്തത്.
ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം ഉൾപ്പെടുത്തിക്കൊണ്ടുള്ള കലാ പ്രകടനങ്ങളും, രാജ്യത്തിന്റെ നേട്ടങ്ങളും വിദ്യാർത്ഥികൾ അവതരിപ്പിച്ചു. മസ്കറ്റ് ഇന്ത്യൻ എംബസിയിലും , ദാർസൈറ്റ് ഇന്ത്യൻ സ്കൂളിലും നടന്ന റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടിയിൽ എംബസി ഉദ്യോഗസ്ഥർ, സാമൂഹ്യ പ്രവർത്തകർ, വ്യവസായ രംഗത്തെ പ്രമുഖർ, ഇന്ത്യൻ സ്കൂൾ അദ്ധ്യാപകർ, രക്ഷകർത്താക്കൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. മസ്കറ്റ് ഗവർണറേറ്റിന് പുറമെ ഒമാന്റെ മറ്റ്പ്രദേശങ്ങളിലുള്ള എല്ലാ ഇന്ത്യൻ സ്കൂളുകളിലും റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
