സൗദിയിൽ ഇന്ത്യൻ റസ്റ്റോറന്‍റ് മാനേജറായ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു. തമിഴ്‌നാട് കായൽപട്ടണം സ്വദേശിയായ അദ്ദേഹം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി സൗദിയിലെ ബിസിനസ് രംഗത്ത് സജീവ സാന്നിധ്യമായിരുന്നു.

റിയാദ്: സൗദി അറേബ്യയിലെ പടിഞ്ഞാറൻ പ്രവിശ്യയായ യാംബുവിലെ പ്രമുഖ ഇന്ത്യൻ റെസ്റ്റോറന്റായ ‘ആര്യാസ്’ മാനേജർ മൊയ്‌ദീൻ ബാവ (55) ഹൃദയാഘാതം മൂലം മദീനയിൽ നിര്യാതനായി. തമിഴ്‌നാട് കായൽപട്ടണം സ്വദേശിയായ അദ്ദേഹം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി സൗദിയിലെ ബിസിനസ് രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. മലയാളി കൂട്ടായ്മകൾക്കിടയിലടക്കം വലിയൊരു സൗഹൃദവലയത്തിന് ഉടമയായിരുന്നു അദ്ദേഹം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞ ആഴ്ച യാംബുവിലെ താമസസ്ഥലത്ത് വെച്ച് ശക്തമായ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹത്തെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മദീനയിലെ ആശുപത്രിയിലേക്ക് മാറ്റി. അവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെ ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം.

പിതാവ്: സയ്യിദ് അഹ്‌മദ്‌ മൗലാന, മക്കൾ: അർസത്ത് റയ്യാൻ മൗലാന, നാദിർ സുഫ്‌യാൻ മൗലാന. ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മദീനയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.