ദുബായ്: ഡോളറിനെതിരെ രൂപ ദുർബലമായതോടെ പ്രവാസികള്‍ക്ക് നേട്ടം. രാജ്യാന്തര വിപണിയിൽ യുഎഇ ദിർഹത്തിന് 19.49 രൂപയാണ് വ്യാഴാഴ്ചത്തെ നിരക്ക്. ഇതനുസരിച്ച് 51 ദിർഹം 34 ഫിൽസിന് ഉപഭോക്താക്കള്‍ക്ക് 1000ഇന്ത്യന്‍ രൂപ ലഭിച്ചു. 5134 ദിർഹം അയച്ചാല്‍ ഒരുലക്ഷം രൂപയും. ഒരു സൗദി റിയാലിന് 19.06 രൂപ, ഖത്തർ റിയാലിന് 19.64, ബഹ്റൈൻ ദിനാറിന് 189.72, ഒമാൻ റിയാലിന് 185.76, കുവൈത്ത് ദിനാറിന് 235.12 രൂപ എന്നിങ്ങനെയാണ് ഇന്ന് ലഭിച്ച രാജ്യാന്തര വിപണി നിരക്ക്.

ഈ നിരക്കിൽനിന്ന് 10 ഫിൽസ് കുറച്ചാണ് പ്രാദേശിക വിപണിയിൽ വിനിമയം നടക്കുന്നത്. ഇതോടെ പണമിടപാട് സ്ഥാപനങ്ങളിൽ തിരക്ക് വർധിച്ചു. ഈ മാസം തുടക്കത്തിൽ തന്നെ രൂപ 19 കടന്നതോടെ പ്രവാസികൾ മെച്ചപ്പെട്ട നിരക്കിനായി കാത്തിരിക്കുകയായിരുന്നു. നിക്ഷേപത്തിനായി കാശ് അയക്കുന്നവര്‍ നിരക്ക് കൂടുന്നതിന് അനുസരിച്ച് എക്സ്ചേഞ്ചുകളിലെത്തുന്നതായി അധികൃതര്‍ അറിയിച്ചു. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണമയച്ചവരും കുറവല്ല.