റിയാദ്: സൗദിയിലെ ഇന്ത്യൻ സ്കൂളുകൾ ജൂൺ 21 വരെ തുറക്കില്ലെന്ന് ഇന്ത്യൻ സ്ഥാനപതി. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും സിബിഎസ്ഇയുടെയും തീരുമാനങ്ങൾക്കനുസരിച്ചു സ്കൂളുകൾ തുറക്കുന്ന തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് എംബസി അറിയിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടച്ച സൗദിയിലെ ഇന്ത്യൻ സ്കൂളുകൾ ജൂൺ 21 വരെ തുറക്കില്ലെന്ന് ഇന്ത്യൻ സ്ഥാനപതി ഡോ. ഔസാഫ് സഈദ് വ്യക്തമാക്കി.

ഇന്ത്യൻ സ്കൂൾ മാനേജിംഗ് കമ്മിറ്റികളുടെയും ഹയർ ബോർഡിന്റെയും ശുപാർശകളുടെ അടിസ്ഥാനത്തിലാണ് സ്കൂളുകൾ അടച്ചിടാൻ ഏപ്രിൽ 20ന് തീരുമാനിച്ചത്. ഈ തീരുമാനമാണ് ഇപ്പോൾ ജൂൺ 21വരെ നീട്ടുന്നത്. എന്നാൽ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും സിബിഎസ് ഇയുടെയും നിർദ്ദേശങ്ങൾക്കനുസൃതമായി സ്ഥിതിഗതി വിലയിരുത്തും.

അതേസമയം സ്കൂളുകൾ നടത്തുന്ന ഓൺലൈൻ ക്ലാസുകളിൽ ചേരാൻ ഫീസ് കുടിശ്ശികയുള്ള വിദ്യാർത്ഥികളെയും അനുവദിക്കുമെന്നു എംബസി അറിയിച്ചു. എന്നാൽ രക്ഷിതാക്കൾ ഇപ്പോൾ ട്യൂഷൻ ഫീസ് മാത്രം അടയ്ക്കണം. രാജ്യത്തെ സ്വകാര്യ സിബിഎസ്ഇ സ്കൂളുകളും സമാന നടപടികൾ സ്വീകരിക്കക്കണമെന്ന് ഇന്ത്യൻ സ്ഥാനപതി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

കൊവിഡ് 19: സൗദിയില്‍ 23 പേര്‍ കൂടെ മരിച്ചു, രോഗമുക്തി 3559 പേർക്ക്