പ്രവാസി ഭാരതീയ സമ്മാൻ 2027 പുരസ്കാരത്തിന് സൗദി അറേബ്യയിലുള്ളവരിൽ നിന്ന് നാമനിർദേശങ്ങൾ ക്ഷണിച്ചു. പ്രവാസി ഭാരതീയർ (എൻ.ആർ.ഐ), ഇന്ത്യൻ വംശജർ (പി.ഐ.ഒ), വിദേശത്ത് ഇന്ത്യക്കാർ നടത്തുന്ന സ്ഥാപനങ്ങൾ/സംഘടനകൾ എന്നിവർക്കാണ് പുരസ്കാരത്തിന് അർഹതയുള്ളത്.

റിയാദ്: ഇന്ത്യൻ സർക്കാർ പ്രവാസി ഭാരതീയർക്ക് നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതിയായ ‘പ്രവാസി ഭാരതീയ സമ്മാൻ 2027’ പുരസ്കാരത്തിന് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് നാമനിർദേശങ്ങൾ ക്ഷണിച്ചു. പ്രവാസി ഭാരതീയർ (എൻ.ആർ.ഐ), ഇന്ത്യൻ വംശജർ (പി.ഐ.ഒ), വിദേശത്ത് ഇന്ത്യക്കാർ നടത്തുന്ന സ്ഥാപനങ്ങൾ/സംഘടനകൾ എന്നിവർക്കാണ് പുരസ്കാരത്തിന് അർഹതയുള്ളത്.

വിവിധ മേഖലകളിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തുന്ന മികച്ച സംഭാവനകൾ നൽകിയവരെ ആദരിക്കുന്നതിനാണ് ഈ അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയെക്കുറിച്ചുള്ള ശരിയായ ധാരണ ലോകത്തിന് നൽകുന്നതിൽ വഹിച്ച പങ്ക്, മാനുഷിക-ജീവകാരുണ്യ പ്രവർത്തനങ്ങൾ, ഇന്ത്യൻ സമൂഹത്തിെൻറ ക്ഷേമത്തിനായി നടത്തിയ ഇടപെടലുകൾ, ഇന്ത്യയുടെ വികസന പ്രവർത്തനങ്ങളിലെ പങ്കാളിത്തം തുടങ്ങിയവയാണ് പുരസ്കാര നിർണയത്തിന് പരിഗണിക്കുന്ന മാനദണ്ഡങ്ങൾ.

താൽപ്പര്യമുള്ള വ്യക്തികളും സംഘടനകളും നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോറം, നേട്ടങ്ങൾ വിവരിക്കുന്ന കവറിങ് ലെറ്റർ, ലഘുവിവരണം എന്നിവ സഹിതം ഫെബ്രുവരി 15-നകം അപേക്ഷകൾ സമർപ്പിക്കണം. അപേക്ഷയുടെ സോഫ്റ്റ് കോപ്പി cul.jeddah@mea.gov.in എന്ന ഇമെയിലിലും, ഒറിജിനൽ പകർപ്പ് ജിദ്ദ തഹ്ലിയ സ്ട്രീറ്റിലുള്ള ഇന്ത്യൻ കോൺസുലേറ്റ് ഓഫീസിലും എത്തിക്കണം. വ്യക്തികൾക്കോ സംഘടനകൾക്കോ നേരിട്ട് നാമനിർദേശം സമർപ്പിക്കാൻ pbsaward@mea.gov.in എന്ന ഇമെയിൽ വിലാസം ഉപയോഗിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 2027 ജനുവരിയിൽ നടക്കുന്ന പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിൽ വെച്ച് പുരസ്കാരങ്ങൾ സമ്മാനിക്കും. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും https://cgijeddah.gov.in/docs/PBSA-fgiijkjk.pdf എന്ന വെബ് ലിങ്ക് സന്ദർശിക്കാം.