കാമുകിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസിലാക്കി കടത്താൻ ശ്രമിച്ചു, പ്രതിയുടെ വധശിക്ഷ ശരിവെച്ച് അപ്പീൽ കോടതി. ക്രിമിനൽ കോടതി വിധിച്ച വധശിക്ഷ അപ്പീല്‍ കോടതി ശരിവെക്കുകയായിരുന്നു.
കുവൈത്ത് സിറ്റി: കുവൈത്തിലെ റുമൈത്തിയയിൽ കാമുകിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസിലാക്കി കടത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് ക്രിമിനൽ കോടതി വിധിച്ച വധശിക്ഷ അപ്പീൽ കോടതിയും ശരിവെച്ചു. ജസ്റ്റിസ് അബ്ദുള്ള അൽ-ഒത്മാൻ അധ്യക്ഷനായ ബെഞ്ചാണ് ശിക്ഷ ശരിവെച്ചുകൊണ്ട് വിധി പുറപ്പെടുവിച്ചത്. പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂട്ടർ ഫാരിസ് അൽ-ദബ്ബൂസ് കോടതിയിൽ ശക്തമായി വാദിച്ചു.
ഇരയുടെ ജീവിക്കാനുള്ള അവകാശത്തെ ക്രൂരമായി ഇല്ലാതാക്കിയ പ്രതിയെ 'ഇരയുടെ നിഷ്കളങ്കത മാന്തിക്കീറിയ ചെന്നായ' എന്നാണ് പ്രോസിക്യൂഷൻ വിശേഷിപ്പിച്ചത്. ഭൂമിയിലെ എല്ലാ കൊലപാതകികൾക്കും അർഹമായ പ്രതികാരവും നീതിയും നടപ്പിലാക്കണമെന്ന് കോടതിയെ അഭിസംബോധന ചെയ്ത് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. പ്രതി ചെയ്ത ക്രൂരതയ്ക്ക് അനുയോജ്യമായ ഏറ്റവും ഉയർന്ന ശിക്ഷ തന്നെ നൽകണമെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു. യുവതിയെ കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കാനും നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാനുമായി മൃതദേഹം ഒരു സ്യൂട്ട്‌കേസിനുള്ളിൽ ഒളിപ്പിച്ച് രാജ്യം കടത്താനായിരുന്നു പ്രതിയുടെ പദ്ധതിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പ്രതിക്ക് മാനസികരോഗമുണ്ടെന്ന വാദങ്ങൾ തള്ളിക്കൊണ്ട് മാനസികരോഗ വിദഗ്ധരടങ്ങിയ മെഡിക്കൽ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചു. കൃത്യം നടക്കുമ്പോൾ പ്രതിക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും കമ്മിറ്റി വിലയിരുത്തി.


