ലോക നാടകദിനാചരണത്തിന്റെ ഭാഗമായി "മാരിവില്ലിൻ തേൻമലരേ.." എന്ന പേരിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം നാടക ഗാനസന്ധ്യ ഒരുക്കുന്നു. 

മസ്കറ്റ്: ഏപ്രിൽ 1 വെള്ളിയാഴ്ച്ച വൈകുന്നേരം 6.30 മുതൽ ഡാർസൈറ്റ് ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ വച്ച് നടക്കുന്ന പരിപാടിയിൽ മലയാളി ഒരിക്കലും മറക്കാത്ത, മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട ഒരു പിടി നാടക ഗാനങ്ങൾ മസ്കറ്റിലെ അനുഗ്രഹീത ഗായകർ ഒമാൻ പ്രവാസികൾക്കായി അരങ്ങിലെത്തിക്കുന്നു. ഒപ്പം ഏതാനും ഗാനങ്ങൾക്ക് കേരള വിഭാഗം കലാവേദി ഒരുക്കുന്ന ദൃശ്യാവിഷ്കാരവും ഉണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു.

ഇതേ വേദിയിൽ വച്ച് കേരള വിഭാഗം ജനുവരി 27, 28 തീയ്യതികളിലായി സംഘടിപ്പിച്ച "എൻ്റെ കേരളം എൻറെ മലയാളം - വിജ്ഞാനോത്സവ" വിജയികൾക്കുള്ള സമ്മാനദാനവും ഈ വർഷത്തെ ക്വിസ് മാസ്റ്ററായിരുന്ന മധു മുരളി കൃഷ്ണൻ രചിച്ച അറിവിന്റെ തേൻ തുള്ളികൾ എന്ന പുസ്തകത്തിന്റെ പ്രകാശനവും നടക്കും. ഒമാനിലെ പ്രവാസ ജീവിതം താത്കാലികമായി അവസാനിപ്പിക്കുന്ന കേരള വിഭാഗത്തിന്റെ സജീവാംഗവും ഒമാനിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവും ഇന്ത്യൻ സ്കൂൾ ബോർഡ് മുൻ ചെയർമാനുമായ ഡോ. ബേബി സാം സാമുവലിന് കേരള വിഭാഗത്തിന്റെ യാത്രയയപ്പ് ഈ വേദിയിൽ വച്ച് നൽകുന്നു. ഒമാനിലെ പ്രവാസി സമൂഹത്തെ പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി കേരള വിഭാഗം പത്രക്കുറിപ്പിൽ അറിയിച്ചു.