ബാസ്കറ്റ് ബോൾ മത്സരത്തിനിടെ പ്ലസ് വൺ വിദ്യാർത്ഥി കുഴഞ്ഞുവീണ് സൗദിയിൽ മരിച്ചു. അൽമുന ഇൻറർനാഷനൽ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയായ മുഹമ്മദ് റയ്യാൻ ആണ് മരിച്ചത്. മത്സരത്തിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിൽ സി.ബി.എസ്.ഇ സോണൽ തല ബാസ്കറ്റ് ബോൾ മത്സരത്തിനിടെ ഇന്ത്യൻ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു. ദമ്മാം അൽമുന ഇൻറർനാഷനൽ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയും കർണാടക മോഡ്ബിദ്രി കൊട്ടേബഗ്ലു സ്വദേശിയുമായ മുഹമ്മദ് റയ്യാൻ (16) ആണ് മരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മത്സരത്തിനിടെ പെട്ടെന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട് കുഴഞ്ഞുവീണ റയ്യാനെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുഹമ്മദ് റിയാസ് - ഷമീന റിയാസ് ദമ്പതികളുടെ മകനാണ് മരിച്ച മുഹമ്മദ് റയ്യാൻ. നിലവിൽ ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

അൽ ഖോബാർ കെ.എം.സി.സി പ്രസിഡന്‍റ് ഇഖ്ബാൽ ആനമങ്ങാട്, വെൽഫെയർ വിങ് ചെയർമാൻ ഹുസൈൻ നിലമ്പൂർ എന്നിവരുടെ നേതൃത്വത്തിലാണ് മരണാനന്തര നടപടിക്രമങ്ങൾ പുരോഗമിക്കുന്നത്. നടപടികൾ വേഗത്തിലാക്കാൻ അൽമുന സ്കൂൾ പ്രിൻസിപ്പൽ നൗഫൽ പാലക്കോത്, ജനറൽ മാനേജർ അബ്ദുൽ ഖാദർ വാണിയമ്പലം, ഉണ്ണീൻ കുട്ടി കോട്ടോപ്പാടം എന്നിവരും സജീവമായി രംഗത്തുണ്ട്. സ്കൂൾ കായിക മേളയ്ക്കിടെയുണ്ടായ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സഹപാഠികളും പ്രവാസി സമൂഹവും.