പുതുവത്സരാശംസകൾ നേരാൻ മാതാപിതാക്കൾ വിളിച്ചപ്പോൾ കിട്ടിയില്ല. തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്

റാഞ്ചി: ഇന്ത്യന്‍ വിദ്യാര്‍ത്ഥി ഇറ്റലിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിൽ നിന്നുള്ള രാം റാവത്ത് എന്ന വിദ്യാർത്ഥിയാണ് മരിച്ചത്. 

എംബിഎ പഠിക്കാനാണ് രാം റാവത്ത് ഇറ്റലിയിലേക്ക് പോയത്. പുതുവത്സരാശംസകൾ നേരാൻ മാതാപിതാക്കൾ വിളിച്ചപ്പോൾ രാം റാവത്തിനെ കിട്ടിയില്ല. കുറേ തവണ വിളിച്ചിട്ടും ഫോണ്‍ എടുക്കാതിരുന്നതിനെ തുടർന്ന് മാതാപിതാക്കള്‍ താമസ സ്ഥലത്തിന്റെ ഉടമയുമായി ബന്ധപ്പെട്ടു. വിദ്യാർത്ഥിയെ മറ്റൊരു വീട്ടിലെ ശുചിമുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. 

രാം റാവത്തിന്‍റെ മൃതദേഹം ഇന്ത്യയിലെത്തിക്കാന്‍ സഹായിക്കണമെന്ന് ബന്ധുക്കള്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. രാം റാവത്തിന്‍റെ മരണത്തെ കുറിച്ച് വിവരം ലഭിച്ചെന്നും ആവശ്യമായ നടപടികൾക്കായി ആഭ്യന്തര വകുപ്പിനെയും ജാർഖണ്ഡിലെ മൈഗ്രേഷൻ സെല്ലിനെയും അറിയിച്ചിട്ടുണ്ടെന്നും വെസ്റ്റ് സിംഗ്ഭൂം ഡെപ്യൂട്ടി കമ്മീഷണർ അനന്യ മിത്തൽ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം