കടുത്ത പീഡനവും വംശീയ വിവേചനവും നേരിട്ടിരുന്നതായി ഇന്ത്യൻ ടെക്കിയുടെ പോസ്റ്റ് വ്യക്തമാക്കിയിട്ടുണ്ട്. വാക്ക് തർക്കത്തിനിടെ സുഹൃത്തിനെ മുഹമ്മദ് നിസാമുദ്ദീൻ ആക്രമിച്ചതാണ് പൊലീസ് വെടിവെയ്പ്പിന് ഇടയാക്കിയത്.
സാൻ ഫ്രാൻസിസ്കോ: അമേരിക്കയിൽ വെച്ച് പൊലീസിന്‍റെ വെടിയേറ്റ് കൊല്ലപ്പെട്ട തെലങ്കാന സ്വദേശിയായ യുവ എൻജിനീയർ മുഹമ്മദ് നിസാമുദ്ദീൻ (30) ജോലിസ്ഥലത്തും താമസസ്ഥലത്തും കടുത്ത പീഡനവും വംശീയ വിവേചനവും നേരിട്ടിരുന്നതായി വിവരം പുറത്തുവന്നു. മഹബൂബ്നഗർ സ്വദേശിയായ മുഹമ്മദ് നിസാമുദ്ദീൻ ഗൂഗിളിലെ ജോലിയിൽ നിന്ന് അന്യായമായി പിരിച്ചുവിട്ടതുൾപ്പെടെ ദുരനുഭവങ്ങൾ ലിങ്ക്ഡ്ഇൻ പോസ്റ്റിൽ വിവരിച്ചിരുന്നതാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഭക്ഷണത്തിൽ വിഷം കലർത്തിയതായും ഇദ്ദേഹം പോസ്റ്റിൽ ആരോപിച്ചിരുന്നു.
ഈ മാസം ആദ്യമാണ് സംഭവം. വാക്ക് തർക്കത്തിനിടെ സുഹൃത്തിനെ നിസാമുദ്ദീൻ ആക്രമിച്ചതാണ് പൊലീസ് വെടിവെയ്പ്പിന് ഇടയാക്കിയത്. സെപ്റ്റംബർ മൂന്നിനാണ് സംഭവം നടക്കുന്നത്. സാന്താ ക്ലാരയിലെ വസതിയിൽ കത്തിയുമായി കണ്ടെത്തിയതിനെ തുടർന്നാണ് വെടിവച്ചതെന്ന് പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. റൂമിലുണ്ടായിരുന്ന ആൾക്ക് കുത്തേറ്റിരുന്നു. ഇയാളെ കെട്ടിയിട്ട നിലയിലായിരുന്നുവെന്നും പൊലീസ് പറയുന്നു. ഫ്ലോറിഡയിലെ ഒരു കോളേജിൽ കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം നേടിയ നിസാമുദ്ദീൻ കാലിഫോർണിയയിലെ സാന്താ ക്ലാരയിലെ ഒരു ടെക് സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു. എമജൻസി നമ്പരിൽ വിളിച്ചപ്പോഴാണ് പൊലീസ് സ്ഥലത്തെത്തിയതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. നിസാമുദ്ദീനും റൂംമേറ്റും തമ്മിലുള്ള സംഘർഷം ആക്രമണത്തിലേക്കെത്തിയതിന് പിന്നാലെയാണ് സന്ദേശം ലഭിച്ചതെന്നാണ് പൊലീസ് കരുതുന്നത്.
താൻ വംശീയ വിദ്വേഷത്തിന്‍റെ ഇരയാണെന്ന് ലിങ്ക്ഡ്ഇൻ പോസ്റ്റിൽ നിസാമുദ്ദീൻ കുറിച്ചിരുന്നു. വെളുത്ത വർഗ്ഗക്കാരുടെ വംശീയ മനോഭാവം അവസാനിപ്പിക്കണമെന്ന് അദ്ദേഹം പോസ്റ്റിൽ ആവശ്യപ്പെട്ടു. 'വംശീയ വിദ്വേഷം, വംശീയ വിവേചനം, പീഡനം, ശമ്പള തട്ടിപ്പ്, അന്യായമായി ജോലിയിൽ നിന്ന് പിരിച്ചുവിടൽ, നീതി നിഷേധം എന്നിവയുടെ ഇരയാണ് ഞാൻ. മതിയായി. കോർപ്പറേറ്റ് സ്വേച്ഛാധിപതികളുടെ അടിച്ചമർത്തൽ അവസാനിക്കണം'- എന്നും അദ്ദേഹം എഴുതി.
അമേരിക്കൻ സോഫ്റ്റ്‌വെയർ സേവനദാതാക്കളായ ഇപിഎഎം സിസ്റ്റംസ് വഴി ഗൂഗിളിൽ ജോലി ചെയ്യുകയായിരുന്നു നിസാമുദ്ദീൻ. കമ്പനിയും സഹപ്രവർത്തകരും ശത്രുതാപരമായ സമീപനം സ്വീകരിച്ചെന്നും ശമ്പളം വെട്ടിക്കുറച്ചെന്നും അദ്ദേഹം ആരോപിച്ചു. 'കമ്പനി ശമ്പള തട്ടിപ്പ് നടത്തി. അവർ അന്യായമായി എന്‍റെ ജോലി അവസാനിപ്പിച്ചു'- അദ്ദേഹം ആരോപിച്ചു. ജോലി നഷ്ടപ്പെട്ടതിന് ശേഷം ഒരു വംശീയ ഡിറ്റക്ടീവും സംഘവും ഭീഷണി തുടർന്നുവെന്നും ഇത് പിന്നീട് തന്‍റെ താമസസ്ഥലത്ത് നിന്ന് പുറത്താക്കുന്നതിലേക്ക് നയിച്ചെന്നും അദ്ദേഹം പറഞ്ഞു.
'ഇന്ന് എനിക്കാണ് ഇത് സംഭവിക്കുന്നത്, നാളെ ഇത് ആർക്കും സംഭവിക്കാം,'- എന്നും ലോകം നീതി ആവശ്യപ്പെടണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഫ്ലോറിഡയിലെ ഒരു കോളേജിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ മാസ്റ്റർ ബിരുദം നേടിയ ശേഷം സാങ്കേതിക മേഖലയിൽ ജോലി ചെയ്യുന്നതിനായി കാലിഫോർണിയയിലെ സാന്താ ക്ലാരയിലേക്ക് താമസം മാറിയ ആളാണ് നിസാമുദ്ദീൻ.
മകന്‍റെ മരണവിവരം വ്യാഴാഴ്ച മാത്രമാണ് അറിഞ്ഞതെന്ന് നിസാമുദ്ദീന്റെ പിതാവ് മുഹമ്മദ് ഹസ്നുദ്ദീൻ പറഞ്ഞു. മകന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ സഹായിക്കണമെന്ന് അദ്ദേഹം വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനോട് അഭ്യർത്ഥിച്ചു. നിസാമുദ്ദീൻ ശാന്തനും മതവിശ്വാസിയുമായിരുന്നുവെന്നും വിവേചനം, ശമ്പള തട്ടിപ്പ്, അന്യായമായ പിരിച്ചുവിടൽ എന്നിവയെക്കുറിച്ച് പലതവണ പരാതിപ്പെട്ടിട്ടുണ്ടെന്നും കുടുംബം അറിയിച്ചു.



