മേയ് 30 ന് ആരംഭിച്ച ഉപരാഷ്‍ട്രപതിയുടെ ത്രിരാഷ്‍ട്ര സന്ദര്‍ശനം ജൂണ്‍ ഏഴ് വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. രണ്ട് രാജ്യങ്ങളിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഖത്തറിലെത്തുന്ന അദ്ദേഹം ജൂണ്‍ ഏഴിന് മടങ്ങും. 

ദോഹ: ഇന്ത്യന്‍ ഉപരാഷ്‍ട്രപതി വെങ്കയ്യ നായിഡു ശനിയാഴ്ച ഖത്തറിലെത്തും. ആഫ്രിക്കന്‍ രാജ്യങ്ങളായ ഗാബോണ്‍, സെനഗള്‍ എന്നിവിടങ്ങളിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് അദ്ദേഹം ഖത്തറിലെത്തുന്നത്. വെങ്കയ്യ നായിഡുവിന്റെ ഖത്തറിലെ ആദ്യത്തെ ഔദ്യോഗിക സന്ദര്‍ശനമാണിത്. 

മേയ് 30 ന് ആരംഭിച്ച ഉപരാഷ്‍ട്രപതിയുടെ ത്രിരാഷ്‍ട്ര സന്ദര്‍ശനം ജൂണ്‍ ഏഴ് വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. രണ്ട് രാജ്യങ്ങളിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഖത്തറിലെത്തുന്ന അദ്ദേഹം ജൂണ്‍ ഏഴിന് മടങ്ങും. ഇന്ത്യയും ഖത്തറും തമ്മില്‍ നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ അന്‍പതാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ കൂടി ഭാഗമായാണ് ഉപരാഷ്‍ട്രപതിയുടെ സന്ദര്‍ശനം. ദോഹയില്‍ ഖത്തര്‍ ഭരണകൂടത്തില്‍ നിന്നുള്ള ഉന്നതതല സംഘം ഉപരാഷ്‍ട്രപതിയെ സ്വീകരിക്കും.

ഖത്തർ ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽഥാനിയുമായി വെങ്കയ്യ നായിഡു കൂടിക്കാഴ്ച നടത്തും.ഖത്തറിലെ ഇന്ത്യൻ വ്യാപാര പ്രമുഖർ, ഉന്നത വ്യക്തികൾ, കമ്യൂണിറ്റി നേതാക്കൾ എന്നിവരുമായും ചർച്ച നടത്തും. ഖത്തറിലെ ഇന്ത്യൻ പൗര സമൂഹവും ഉപരാഷ്‍ട്രപതിക്ക് സ്വീകരണം ഒരുക്കും. ആരോഗ്യ, കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ, പാർലമെന്‍റ് അംഗങ്ങളായ സുശീൽ കുമാർ മോദി, വിജയ്പാൽ സിങ് തോമർ, പി. രവീന്ദ്രനാഥ് എന്നിവരും രാഷ്ട്രപതിയെ അനുഗമിക്കുന്നുണ്ട്. 

Read also: ഉംറ വിസയുടെ കാലാവധി മൂന്നുമാസമാക്കി ദീര്‍ഘിപ്പിച്ചു; രാജ്യത്തുടനീളം സഞ്ചരിക്കാം

ഇന്ത്യയില്‍ നിന്ന് ഗോതമ്പ് ലഭ്യത ഉറപ്പാക്കാന്‍ നയതന്ത്ര നീക്കവുമായി കുവൈത്ത്
കുവൈത്ത് സിറ്റി: ഇന്ത്യയില്‍ നിന്ന് ഗോതമ്പ് ലഭ്യമാക്കാന്‍ നയതന്ത്ര തലത്തില്‍ ശ്രമങ്ങളുമായി കുവൈത്ത്. നിലവില്‍ ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്ന ഗോതമ്പിന്റെ കയറ്റുമതി വിലക്കില്‍ നിന്ന് കുവൈത്തിനെ ഒഴിവാക്കണമെന്നാണ് ആവശ്യം. ഇക്കാര്യം ഉന്നയിച്ച് കുവൈത്ത് വാണിജ്യ മന്ത്രി ഫഹദ് അല്‍ ശരീആന്‍ കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജുമായി കൂടിക്കാഴ്ച നടത്തുമെന്ന് കുവൈത്തിലെ പ്രാദേശിക ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്‍തു.

കുവൈത്തും ഇന്ത്യയും തമ്മില്‍ ചരിത്രപരമായിത്തന്നെയുള്ള വാണിജ്യ ബന്ധം മുന്‍നിര്‍ത്തി കയറ്റുമതി വിലക്കില്‍ നിന്ന് കുവൈത്തിനെ ഒഴിവാക്കണമെന്ന ആവശ്യമായിരിക്കും വാണിജ്യ മന്ത്രി ഉന്നയിക്കുകയെന്ന് അല്‍ റായ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്‍തു. ചില രാജ്യങ്ങള്‍ക്ക് ഇന്ത്യ ഇളവ് നല്‍കിയ സാഹചര്യത്തില്‍ കൂടിയാണിത്. ആഗോള തലത്തിലെ വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തില്‍ കുവൈത്തില്‍ ഭക്ഷ്യ ധാന്യങ്ങളുടെ ലഭ്യത ഉറപ്പാക്കാനാണ് വാണിജ്യ മന്ത്രാലയത്തിന്റെ നീക്കം.