അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും ഇന്ത്യക്കാരന് ഒന്നാം സമ്മാനം. സൗദി അറേബ്യയില്‍ താമസിക്കുന്ന മോഹന്‍ ചന്ദ്രദാസാണ്  മാര്‍ച്ച് മൂന്നിന് നടന്ന നറുക്കെടുപ്പില്‍ ഒരു കോടി ദിര്‍ഹത്തിന് (19 കോടിയിലധികം ഇന്ത്യന്‍ രൂപ) അര്‍ഹനായത്.

കൊറോണ വൈറസിനെതിരായ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി പൊതുചടങ്ങ് ഒഴിവാക്കിയാണ് നറുക്കെടുപ്പ് നടത്തിയത്. എന്നാല്‍ സാമൂഹിക മാധ്യമങ്ങളിലൂടെ നറുക്കെടുപ്പ് ലൈവായി സംപ്രേക്ഷണം ചെയ്തിരുന്നു. സുഹൃത്തുക്കളുമായുള്ള ഷോപ്പിങിനിടെയാണ് കോടീശ്വരനായ വിവരം അറിയിച്ചുകൊണ്ടുള്ള അപ്രതീക്ഷിത ഫോണ്‍ കോള്‍ മോഹന്‍ ചന്ദ്രദാസിന് ലഭിച്ചത്.

സമ്മാന വിവരമറിയിച്ചപ്പോള്‍ എല്ലാവരെയും പോലെ അത് വിശ്വസിക്കാന്‍ മോഹനും തയ്യാറായില്ല. സത്യം തന്നെയാണോയെന്ന് ഒരിക്കല്‍ കൂടി തിരിച്ചൊരു ചോദ്യവും പിന്നീട് ബിഗ് ടിക്കറ്റിന് നന്ദിയും. സമ്മാര്‍ഹമായ 050897-ാം നമ്പര്‍ ടിക്കറ്റ് ഫെബ്രുവരി 27നാണ് അദ്ദേഹം എടുത്തത്. ഒരു കോടി ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനത്തിന് പുറമെ മറ്റ് ഒന്‍പത് സമ്മാനങ്ങളും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു.