ആരെയും ശ്രദ്ധിക്കാതെ ഫോണില്‍ സംസാരിച്ച് കൊണ്ട് കൈകൊണ്ട് ഭക്ഷണം വാരിക്കഴിക്കുന്ന യുവതിയുടെ വീഡിയോയ്ക്ക് വലിയ രീതിയിലുള്ള അധിക്ഷേപ കമന്‍റുകളാണ് പങ്കുവെച്ചിരിക്കുന്നത്. 

ലണ്ടന്‍: ലണ്ടന്‍ മെട്രോയിലിരുന്ന് ഭക്ഷണം കഴിച്ച ഇന്ത്യക്കാരിയുടേതായി സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പ്രചരിക്കുന്നു. ലണ്ടന്‍ മെട്രോയിലെ സീറ്റിലിരുന്ന് ഫോണില്‍ സംസാരിച്ച് കൊണ്ട് ഭക്ഷണം കഴിക്കുന്ന യുവതിയുടെ വീഡിയോയാണ് വൈറലാകുന്നത്. വീഡിയോയ്ക്ക് താഴെ യുകെ സ്വദേശികളടക്കം നിരവധി പേരാണ് അധിക്ഷേപ കമന്‍റുകള്‍ പങ്കുവെച്ചത്. ടിക്ക് ടോക്കില്‍ പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്. 

ലണ്ടൻ ട്യൂബിലിരുന്ന് ഭക്ഷണം കഴിക്കുന്ന യുവതിയുടെ വീഡിയോ പ്രചരിച്ചതോടെ, ഇത് ഇന്ത്യയല്ലെന്നും ഇംഗ്ലണ്ടാണെന്നും ഒരാള്‍ കമന്‍റ് ചെയ്തപ്പോള്‍ യുവതിയുടേത് അറപ്പുളവാക്കുന്ന പ്രവൃത്തിയാണെന്ന് മറ്റ് ചിലര്‍ കമന്‍റ് ചെയ്തു. എന്നാല്‍ സ്പൂണും ഫോര്‍ക്കും ഉപയോഗിക്കാതെ കൈ കൊണ്ട് ഭക്ഷണം കഴിക്കുന്ന യുവതിക്ക് വൃത്തിയില്ലെന്നാണ് ചിലരുടെ പക്ഷം. നിരവധി ആളുകള്‍ ഇവരെ വംശീയമായി അധിക്ഷേപിക്കുന്ന കമന്‍റുകളും പങ്കുവെച്ചിട്ടുമുണ്ട്. എത്ര മോശം രാജ്യത്ത് നിന്നാണ് ഇവര്‍ വരുന്നതെന്നും നിലവാരമില്ലെന്നും ചിലര്‍ വീഡിയോയ്ക്ക് താഴെ കമന്‍റിട്ടു. ഇന്ത്യയെപ്പോലെ ബ്രിട്ടനെയും ഈ കുടിയേറ്റക്കാര്‍ മൂന്നാം ലോക രാജ്യമാക്കുകയാണെന്നും കമന്‍റില്‍ ചിലര്‍ പറഞ്ഞു. ഇന്ത്യക്കാരെ അധിക്ഷേപിക്കുന്ന കമന്‍റുകൾ വീഡിയോയ്ക്ക് താഴെ നിരവധി ബ്രിട്ടീഷുകാരും പങ്കുവെച്ചു. 

സാന്‍ഡ്വിച്ചോ ബര്‍ഗറോ കഴിക്കുന്നത് കുഴപ്പമില്ലെന്നും എന്നാല്‍ കൈകൊണ്ട് ചോറ് കഴിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ചിലര്‍ പറയുന്നു. മോഷണത്തേക്കാളും അക്രമത്തെക്കാളും യുകെയിലെ വലിയ പ്രശ്നമാണ് ഇതെന്നാണ് തോന്നുന്നതെന്ന് ഒരാള്‍ തമാശയായി പറഞ്ഞു. ഇത് അടുക്കളയല്ല പൊതുഗതാഗതമാണെന്ന് മറ്റൊരാളും പറഞ്ഞു. ഇവരെയെല്ലാം തിരികെ നാട്ടിലേക്ക് അയയ്ക്കേണ്ട സമയം വന്നെത്തിയെന്നും ഒരാൾ കമന്‍റ് ചെയ്തു. നിറയെ ആളുകള്‍ അടുത്തടുത്ത് ഇരിക്കുമ്പോള്‍ മറ്റാരെയും ശ്രദ്ധിക്കാതെ ഫോണില്‍ സംസാരിച്ചു കൊണ്ട് ഭക്ഷണം കഴിക്കുകയാണ് യുവതി. മെട്രോയിലുണ്ടായിരുന്ന ആരോ ഇതിന്‍റെ വീഡിയോ പകര്‍ത്തുകയായിരുന്നു.