വിവാഹ വേദിയില്‍ വച്ച് വിളിച്ച് പറഞ്ഞാണ് വധുവിന്‍റെ വീട്ടുകാര്‍ വരന് സമ്മാനം നല്‍കുന്നത്.
വിവാഹം ഇന്ന് സോഷ്യല്‍ മീഡിയിലും ഒരു ആഘോഷ വിഭവമാണ്. നിസാര കാര്യത്തിന് തല്ലിപ്പിരിഞ്ഞ കല്യാണങ്ങൾ മുതല്‍ അളവറ്റ സ്ത്രീധനത്തുക വരെ സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ നേടുന്നു. വിവാഹ വേദിയില്‍ നില്‍ക്കവെ കേട്ട പാട്ട് മുന്‍കാമുകിയുടെ ഓർമ്മകൾ ഉണര്‍ത്തിയെന്നതിന്‍റെ പേരില്‍ വിവാഹ വേദിയില്‍ നിന്നും ഇറങ്ങിപ്പോയ വരന്‍റെ കഥ മുതല്‍, വിവാഹ സമ്മാനമായി നീല വീപ്പ നല്‍കിയത് വരെ സമൂഹ മാധ്യമ ഉപയോക്താക്കൾ ആകര്‍ഷിക്കുന്നു. ഏറ്റവും ഒടുവിലായി അക്കൂട്ടത്തില്‍ ഇടം പിടിച്ചത് ഒരു സ്ത്രീധനത്തുകയാണ്.
വിവാഹ ദിവസത്തെ ഒരു വീഡിയോയായിരുന്നു അത്. വധുവിന്‍റെ കുടുംബം വരന് സമ്മാനങ്ങൾ നല്‍കുന്നതാണ് വീഡിയോയിലുള്ളത്. വീഡിയോയില്‍ വധുവിന്‍റെ കുടുംബം അതിശയിപ്പിക്കുന്ന സമ്മാനങ്ങളാണ് വരന് കാഴ്ചവയ്ക്കുന്നത്. വീഡിയോയില്‍ വരനും വധുവിനും മുന്നിലായി മൂന്ന് വലിയ നീലപ്പെട്ടികൾ ഒന്നിന് മുകളില്‍ ഒന്നെന്ന രീതിയില്‍ അടുക്കി വച്ചിരിക്കുന്നതും കാണാം. വരന് നല്‍കുന്ന സമ്മാനങ്ങൾ ഒരാൾ മൈക്കിലൂടെ നാട്ടുകാര്‍ കേൾക്കെ വിളിച്ച് പറയുന്നതും വീഡിയോയില്‍ കേൾക്കാം. മൂന്ന് കിലോ വെള്ളി. ഒരു പെട്രോൾ പമ്പ്, 210 ബിഗാ സ്ഥലം എന്നിവയാണ് വരന്, വധുവിന്‍റെ വീട്ടുകാര്‍ നല്‍കിയ സമ്മാനം. ഒടുവിലായി 15.65 കോടി രൂപ വധുവിന്‍റെ കുടുംബം വരന് നല്‍കിയെന്ന് വിളിച്ച് പറയുന്നത് കേൾക്കാം. 210 ബിഗാ സ്ഥലം എന്നാല്‍ 130 ഏക്കറിലധികം വരും.
സോനു അജ്മീര്‍ എന്ന ഇന്‍സ്റ്റാഗ്രാം ഹാന്‍റിലില്‍ നിന്നുമാണ് വീഡിയോ പങ്കുവച്ചത്. പിന്നാലെ നിരവധി ആളുകൾ വീഡിയോ റീഷെയര്‍ ചെയ്തു. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് കുറിപ്പുകളെഴുതാനെത്തിയത്. വധുവിന്‍റെ ചെലവില്‍ വരന് കൊട്ടാര ജീവിതം എന്നായിരുന്നു ചിലരുടെ കുറിപ്പ്. വധു വരന് സമ്മാനം നല്‍കിയാല്‍ അത് സ്ത്രീധനത്തില്‍പ്പെടില്ലേയെന്ന് ചോദിച്ചവരും കുറവല്ല. ഇത്രയും വിലപിടിപ്പുള്ള സമ്മാനങ്ങളുണ്ടെങ്കില്‍ പിന്നെ എന്തിന് വിവാഹം എന്നായിരുന്നു മറ്റൊരാളുടെ സംശയം. അതേസമയം ഇത്തരം സമ്മാനങ്ങൾ ആചാരത്തിന്‍റെ ഭാഗമാണെന്നായിരുന്നു ചിലരുടെ മറുപടി. ആചാരമാണെങ്കില്‍ സ്ത്രീധന നിയമം രാജ്യത്ത് നടപ്പാക്കിയതെന്തിന് എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. ഈ സമ്മാനങ്ങൾ സ്വീകരിച്ച വരന് സ്വസ്ഥമായി ഉറങ്ങാന്‍ കഴിയുമോ എന്ന് ചോദിച്ചവരുമുണ്ടായിരുന്നു.


