Asianet News MalayalamAsianet News Malayalam

നിയമക്കുരുക്കിൽപെട്ട് സൗദിയില്‍ കുടുങ്ങിയ പ്രവാസി യുവതി നാട്ടിലേക്ക് മടങ്ങി; തുണയായത് നവയുഗം ജീവകാരുണ്യ വിഭാഗം

രണ്ടു വർഷം  മുമ്പാണ്  റൂബിബീഗം സൗദിയിൽ ഒരു സ്വദേശിയുടെ വീട്ടിൽ ജോലിക്ക് വന്നത്. എന്നാൽ ആ വീട്ടിലെ ജോലി ദുരിതപൂർണമായിരുന്നു. രാപ്പകൽ വിശ്രമില്ലാതെ ജോലി ചെയ്യിപ്പിക്കുമെങ്കിലും, ശമ്പളമൊന്നും സമയത്തു കിട്ടിയിരുന്നുമില്ല.

indian women who suffered atrocities in saudia arabia returned home with the help of navayugam
Author
Riyadh Saudi Arabia, First Published May 16, 2021, 10:04 PM IST

റിയാദ്: ദമ്മാമിൽ നിയമക്കുരുക്കിൽപ്പെട്ട അസം സ്വദേശിനിയായ വീട്ടുജോലിക്കാരി, നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യ വിഭാഗത്തിന്റെ സഹായത്തോടെ, നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങി.

അസാം ദിസ്‍പൂർ സ്വദേശിനി റൂബി ബീഗമാണ് നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങിയത്. രണ്ടു വർഷം  മുമ്പാണ്  റൂബിബീഗം സൗദിയിൽ ഒരു സ്വദേശിയുടെ വീട്ടിൽ ജോലിക്ക് വന്നത്. എന്നാൽ ആ വീട്ടിലെ ജോലി ദുരിതപൂർണമായിരുന്നു. രാപ്പകൽ വിശ്രമില്ലാതെ ജോലി ചെയ്യിപ്പിക്കുമെങ്കിലും, ശമ്പളമൊന്നും സമയത്തു കിട്ടിയിരുന്നുമില്ല. ഒടുവിൽ ഒരു വർഷത്തിന് ശേഷം ആ വീട്ടിൽ നിന്നും ഒളിച്ചോടി, മറ്റു ചിലയിടങ്ങളിൽ ജോലി ചെയ്തു പിടിച്ചുനിൽക്കാൻ ശ്രമിച്ചു. ഒടുവിൽ ജീവിതം വഴി മുട്ടിയപ്പോൾ, ദമ്മാമിലെ എംബസി വി.എഫ്.എസ് സെന്ററിൽ ചെന്ന് സഹായം അഭ്യർത്ഥിക്കുകയായിരുന്നു. അവിടുള്ളവരാണ് നവയുഗം ജീവകാരുണ്യ പ്രവർത്തക മഞ്ജു മണിക്കുട്ടനെ ഫോണില്‍ വിളിച്ച് വിവരം അറിയിച്ചത്. 

മഞ്ജുവും, ഭർത്താവും നവയുഗം ജീവകാരുണ്യപ്രവർത്തകനുമായ പദ്‍മനാഭൻ മണിക്കുട്ടനും കൂടി അവിടയെത്തി, റൂബി ബീഗത്തോട് സംസാരിച്ചു കാര്യങ്ങൾ മനസ്സിലാക്കി. തുടർന്ന് അവരെ പൊലീസ് സ്റ്റേഷനിലും, അവിടന്ന് ദമ്മാം വനിതാ അഭയകേന്ദ്രത്തിലും കൊണ്ട് ചെന്നാക്കി. സർക്കാർ രേഖകൾ പരിശോധിച്ചതിൽ നിന്നും, റൂബിയുടെ സ്‍പോൺസർ അവരെ ഹുറൂബിൽ (ഒളിച്ചോടിയ തൊഴിലാളി) ആക്കിയതായും, വീട്ടിൽ നിന്ന് സ്വർണ്ണവും പണവും മോഷിച്ചാണ് ഒളിച്ചോടിയത് എന്ന കള്ളക്കേസ് കൊടുക്കുകയും ചെയ്‍തതായി മനസ്സിലാക്കി. ഈ കേസുകളുടെ നൂലാമാലകൾ അഴിക്കാതെ റൂബി ബീഗത്തിന് നാട്ടിലേയ്ക്ക് മടങ്ങാൻ കഴിയുമായിരുന്നില്ല.

നവയുഗം നിയമ സഹായ വേദിയുടെ സഹായത്തോടെ ഈ കേസുകൾ കോടതിയിൽ നടന്നു. ഇതിനിടെ കൊവിഡ് കാലം ആയതിനാൽ, വനിതാ അഭയകേന്ദ്രം അധികാരികളുടെ നിർദ്ദേശ പ്രകാരം,  മഞ്ജു മണിക്കുട്ടൻ റൂബി ബീഗത്തിനെ ജാമ്യത്തിൽ എടുത്ത്, സ്വന്തം വീട്ടിലേയ്ക്ക് കൊണ്ടു പോയി താമസിപ്പിച്ചു. പൊലീസ് സ്റ്റേഷൻ, ഇൻവെസ്റ്റിഗേഷൻ ഓഫിസ്, കോടതികൾ എന്നിങ്ങനെ പലയിടങ്ങളിലായി, മൂന്നു മാസത്തോളം നീണ്ട നിയമപോരാട്ടമാണ് നവയുഗം റൂബി ബീഗത്തിനായി നടത്തിയത്.  ഒടുവിൽ കള്ളക്കേസുകൾ തള്ളിപ്പോകുകയും, അവർക്ക് ഫൈനൽ എക്സിറ്റ് നൽകാൻ കോടതി ഉത്തരവിടുകയും ചെയ്തു. തുടര്‍ന്ന് എല്ലാ നിയമനടപടികളും പൂർത്തിയാക്കി റൂബി ബീഗം നാട്ടിലേയ്ക്ക് മടങ്ങി.

Follow Us:
Download App:
  • android
  • ios