ദുബായ്: റിയാലിറ്റി ഷോയില്‍ നേടിയ സമ്മാനത്തുക സുഹൃത്തിന്‍റെ സഹോദരിയുടെ വിവാഹത്തിന് നല്‍കിയ യുവാവിന് വീണ്ടും അംഗീകാരം. ലേബര്‍ ക്യാംപുകളില്‍ താമസിക്കുന്നവര്‍ക്കായി നടത്തിയ സംഗീതമല്‍സരത്തിലാണ് ബീഹാര്‍ സ്വദേശിയായ മുഹമ്മദ് ഷാഹിറിന് ഒന്നാം സമ്മാനം ലഭിച്ചത്. കളേഴ്സ് കാ സര്‍താജ് എന്ന സംഗീതമത്സരത്തിലാണ് ഇന്ത്യക്കാരന് വീണ്ടും അംഗീകാരം ലഭിച്ചത്.

കഴിഞ്ഞ മേയില്‍ നടന്ന മത്സരത്തില്‍ സമ്മാനത്തുകയായി ലഭിച്ച ഒരുലക്ഷം രൂപ ഷാഹിര്‍ സുഹൃത്തിന്‍റെ സഹോദരിയുടെ വിവാഹത്തിനായി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ജൂണില്‍ നടന്ന സംഗീതമത്സരത്തില്‍ ഷാഹിര്‍ ഒന്നാമത് എത്തുന്നത്. യുഎഇയില്‍ ഇലക്ട്രീഷ്യനാണ് ഷാഹിര്‍. 

കഴിഞ്ഞ മത്സരത്തില്‍ ലഭിച്ച തുക മറ്റൊരാളെ സഹായിക്കാന്‍ ഉപയോഗിച്ചതില്‍ ദൈവം കനിഞ്ഞതാണ് രണ്ടാമത്തെ മത്സരത്തിലെ ഒന്നാം സമ്മാനനേട്ടമെന്ന് ഷാഹിര്‍ പറഞ്ഞു.  ഒന്നാം സമ്മാനമായി രണ്ടു ലക്ഷം രൂപയാണ് ഷാഹിറിന് ലഭിച്ചത്. നാട്ടില്‍ വീടുപണി നടക്കുകയാണ്, അതുകൊണ്ട് ഈ സമ്മാനത്തുക ഏറെ സഹായകരമാകുമെന്ന് ഷാഹിര്‍ പറഞ്ഞു. 

സുഖ് വിന്ദർ സിങ്ങിന്‍റെ ഗാനമാണ് ഷാഹിദിന് സമ്മാനം നേടിക്കൊടുത്തത്. ബോളിവുഡ് നടനും നർത്തകനുമായ ജാവേദ് ജാഫ്രിയായിരുന്നു പ്രധാന വിധികർത്താവ്. നിരവധി പേർ പങ്കെടുത്ത പരിപാടിയിൽ ആയിരത്തിലേറെ തൊഴിലാളികൾ മത്സരിച്ചു.