Asianet News MalayalamAsianet News Malayalam

സന്ദര്‍ശക വിസയില്‍ നിലവില്‍ യുഎഇയിലേക്ക് യാത്ര ചെയ്യാനാവില്ലെന്ന് ഇന്ത്യന്‍ അംബാസഡര്‍

സന്ദര്‍ശക വിസയിലെത്തി ആളുകള്‍ പ്രശ്നങ്ങളില്‍ അകപ്പെടുന്നത് ഒഴിവാക്കണം. ഇക്കാര്യങ്ങളില്‍ ഒരു വ്യക്തത തേടിയിട്ടുണ്ട്. അതനുസരിച്ച് തീരുമാനമെടുക്കുമെന്നും അംബാസഡര്‍ പറഞ്ഞു.

Indians with visit visas cant travel to UAE yet says indian ambassador in UAE
Author
Abu Dhabi - United Arab Emirates, First Published Aug 4, 2020, 8:50 AM IST

അബുദാബി: യാത്രാ ചട്ടങ്ങളില്‍ വ്യക്തത വരുന്നതുവരെ ഇന്ത്യന്‍ പൗരന്മാരെ സന്ദര്‍ശക വിസയില്‍ യുഎഇയിലേക്ക് യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന് ഇന്ത്യന്‍ അംബാഡസര്‍ പവന്‍ കപൂര്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ യുഎഇ സന്ദര്‍ശക വിസകള്‍ അനുവദിക്കുന്നുണ്ടോയെന്ന് വ്യക്തമല്ല. ഇക്കാര്യത്തില്‍ വ്യക്തതയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്. അതുപോലെ തന്നെ സന്ദര്‍ശക വിസയില്‍ ആളുകളെ യാത്ര ചെയ്യാന്‍ അനുവദിക്കുന്നത് സംബന്ധിച്ച് ഇന്ത്യന്‍ സര്‍ക്കാറും തീരുമാനമെടുത്തിട്ടില്ലെന്ന് ഒരു യുഎഇ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അംബാസഡര്‍ പറഞ്ഞു. സന്ദര്‍ശക വിസയിലുള്ളവരെ നിലവില്‍ വിമാനക്കമ്പനികള്‍ ഇന്ത്യയില്‍ നിന്ന് കൊണ്ടുവരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഇന്ത്യ അടക്കമുള്ള എല്ലാ രാജ്യങ്ങളിലെയും പൗരന്മാര്‍ക്ക് ദുബായിലേക്ക് കഴിഞ്ഞയാഴ്ച മുതല്‍ സന്ദര്‍ശക വിസകള്‍ അനുവദിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പുകളില്ല. ട്രാവല്‍ ഏജന്റുമാരും ആമെര്‍ സെന്ററും വിസ ലഭിക്കുന്ന വിവരം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇന്ത്യയില്‍ നിന്ന് വാണിജ്യ വിമാന സര്‍വീസുകള്‍ ഇനിയും തുടങ്ങാത്ത സാഹചര്യത്തില്‍ സന്ദര്‍ശക വിസക്കാര്‍ എങ്ങനെ യാത്ര ചെയ്യുമെന്ന് വ്യക്തമല്ല. നിലവില്‍ ഇന്ത്യ-യുഎഇ പ്രത്യേക ധാരണ പ്രകാരം യുഎഇയിലേക്ക് സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ താമസ വിസയുള്ളവരെ മാത്രമേ അനുവദിക്കുന്നുള്ളൂ.

അതേസമയം സന്ദര്‍ശക വിസകള്‍ സംബന്ധിച്ച് നിരവധി അന്വേഷണങ്ങളാണ് ഇന്ത്യന്‍ എംബസിയില്‍ ലഭിക്കുന്നതെന്ന് പവന്‍ കപൂര്‍ പറഞ്ഞു. വിസ ലഭിച്ച് കഴിഞ്ഞിട്ടും തങ്ങളെ തടയുന്നതെന്തിനാണെന്നാണ് ആളുകള്‍ ചോദിക്കുന്നത്. എന്നാല്‍ സന്ദര്‍ശക വിസയിലെത്തി ആളുകള്‍ പ്രശ്നങ്ങളില്‍ അകപ്പെടുന്നത് ഒഴിവാക്കണം. ഇക്കാര്യങ്ങളില്‍ ഒരു വ്യക്തത തേടിയിട്ടുണ്ട്. അതനുസരിച്ച് തീരുമാനമെടുക്കുമെന്നും അംബാസഡര്‍ പറഞ്ഞു.

ദുബായ് വിസ അനുവദിക്കുന്ന സാഹചര്യത്തില്‍ യാത്ര ചെയ്യനാഗ്രഹിക്കുന്നവരെ അനുവദിക്കണമെന്ന് ഇന്ത്യന്‍ സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും പവന്‍ കപൂര്‍ പറഞ്ഞു. അതേസമയം ജോലി അന്വേഷിക്കുന്നവര്‍ സാഹചര്യം മെച്ചപ്പെടുന്നത് വരെ കാത്തിരിക്കണം. ഉറപ്പായ ജോലിയുണ്ടെങ്കില്‍ പ്രശ്നമില്ല.  കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനെത്തുന്നതും അംഗീകരിക്കാം. എന്നാല്‍  ജോലി അന്വേഷിച്ചെത്തി ദുരിതത്തിലാവുന്നവരുടെ കാര്യത്തില്‍ ആശങ്കയുണ്ട്. ജോലി അന്വേഷിച്ച് യുഎഇയിലേക്ക് യാത്ര ചെയ്യാനുദ്ദേശിക്കുന്നവര്‍ ഇത് ശരിയായ സമയമാണോ എന്ന് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Follow Us:
Download App:
  • android
  • ios