പ്രതിദിന സര്‍വീസ് ഓഗസ്റ്റ് 9 മുതല്‍ തുടങ്ങി. 

മംഗളൂരു: അബുദാബിയിലേക്ക് പുതിയ സര്‍വീസ് തുടങ്ങി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് എല്ലാ ദിവസവും അബുദാബിയിലേക്ക് സര്‍വീസ് ആരംഭിച്ചത്. 

ഓഗസ്റ്റ് 9 മുതല്‍ പ്രതിദിന സര്‍വീസിന് തുടക്കമായി. ഇന്‍ഡിഗോയുടെ 6ഇ 1442 വിമാനം രാത്രി 9.40ന് അബുദാബിയിലേക്ക് ഉദ്ഘാടന പറക്കല്‍ നടത്തി. ആദ്യ യാത്രയില്‍ 180 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതോടെ മംഗളൂരു എയര്‍പോര്‍ട്ടില്‍ നിന്ന് രണ്ട് പ്രതിദിന സര്‍വീസുകളാണ് അബുദാബി വിമാനത്താവളത്തിലേക്ക് സര്‍വീസ് നടത്തുക. 

Read Also -  ആകാശത്തുവെച്ച് എയർ ഇന്ത്യ എക്സ്‍പ്രസ് വിമാനത്തിന്‍റെ വാതില്‍ തുറക്കാന്‍ ശ്രമം; മലയാളി യുവാവിന് 'പണി കിട്ടി'

കാത്തിരുന്ന സർവീസുമായി എയർ ഇന്ത്യ എക്സ്‍പ്രസ്, പറക്കാം തിരുവനന്തപുരത്ത് നിന്ന്

റിയാദ്: പ്രവാസികള്‍ ഏറെ കാലമായി കാത്തിരുന്ന റൂട്ടില്‍ സര്‍വീസുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. തിരുവനന്തപുരം-റിയാദ് റൂട്ടിലാണ് പുതിയ സര്‍വീസ്. ദീര്‍ഘകാലമായുള്ള യാത്രാദുരിതത്തിന് ഇതോടെ അവസാനമാകും.

എയര്‍ ഇന്ത്യ എക്സ്പ്രസ് തിരുവനന്തപുരത്ത് നിന്ന് റിയാദിലേക്കും തിരികെയും സര്‍വീസ് നടത്തും. സെപ്തംബര്‍ 9 മുതലാണ് സര്‍വീസ് തുടങ്ങുക. അന്ന് വൈകിട്ട് 5.55ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ഐ എക്സ് 522 വിമാനം രാത്രി 10.40ന് റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിലെത്തും. തിരികെ അന്ന് രാത്രി 11.40ന് റിയാദില്‍ നിന്ന് പുറപ്പെടുന്ന വിമാനം പിറ്റേന്ന് രാവിലെ 7.30ന് തിരുവനന്തപുരത്തെത്തും. എല്ലാ തിങ്കളാഴ്ചകളിലും സര്‍വീസുണ്ടാകും. തിരുവനന്തപുരത്തിനോട് അടുത്തുള്ള പ്രദേശങ്ങളിലെ പ്രവാസികള്‍ക്ക് വലിയ ആശ്വാസമാകുന്നതാണ് പുതിയ സര്‍വീസ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം