ദുബൈ: നിരവധി പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ച് അറബ് ലോകത്ത് പ്രിയങ്കരനായി മാറിയ മലയാളി ബാലന്‍ ഐസിന്‍ ഹാഷ് വെള്ളിത്തിരയിലേക്ക്. കുഞ്ചാക്കോ ബോബനും നയൻ‌താരയും മുഖ്യവേഷങ്ങളിലെത്തുന്ന'നിഴൽ' എന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലാണ് അന്താരാഷ്ട്ര പരസ്യമോഡലായ ഐസിന്‍ അഭിനയിക്കുന്നത്. ഈ ത്രില്ലർ സിനിമയുടെ സംവിധാനം നിർവ്വഹിക്കുന്നത്, രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടിയ സിനിമകളുടെയും, നിരവധി ഹിറ്റ് സിനിമകളുടെയും എഡിറ്റര്‍ ആയിരുന്ന അപ്പു ഭട്ടതിരിയാണ്. 

അറുപതിലേറെ ഇംഗ്ലീഷ് അറബിക് പരസ്യങ്ങളിൽ അഭിനയിച്ചിട്ടുള്ള അറിയപ്പെടുന്ന മോഡല്‍ കൂടിയായ ഐസിൻ ഹാഷ് ആദ്യമായി അഭിനയിക്കുന്ന സിനിമയാണ് നിഴൽ. കിൻഡർ ജോയ്, ഫോക്സ്‍വാഗണ്‍, നിഡോ, വാർണർ ബ്രോസ്, ലൈഫ്ബോയ്, ഹുവാനേ, ഹെയ്ന്‍സ് തുടങ്ങിയ അന്താരാഷ്‌ട്ര ബ്രാൻഡുകളുടെ പരസ്യങ്ങളിൽ അഭിനയിച്ച ഐസിൻ, അറബിക് പരസ്യങ്ങളിലെ 'എമിറാത്തി ബോയ്' എന്ന പേരിലും പ്രശസ്തനാണ്. 

ദുബൈ, അബുദാബി സര്‍ക്കാറുകളുടെ ടൂറിസമടക്കമുള്ള വിഭാഗങ്ങളുടെ നിരവധി പരസ്യ ക്യാമ്പയിനുകളിലും ഐസിൻ ഒരു സ്ഥിരസാന്നിധ്യമാണ്.  ഇംഗ്ലണ്ട് ഫുട്ബാൾ ടീമിന്റെയും ലിവർപൂളിന്റെയും നായകനായിരുന്ന ഫുട്ബാൾ ഇതിഹാസം സ്റ്റീവൻ ജെറാർഡിനെ ആറാമത്തെ വയസ്സിൽ ഇന്റർവ്യൂ ചെയ്ത്, അന്താരാഷ്‌ട്ര തലത്തിലും ഐസിൻ ശ്രദ്ധനേടിയിട്ടുണ്ട്. 
ഇൻസ്റ്റാഗ്രാമിലും, ഫേസ്ബുക്കിലുമൊക്കെ  വളരെ ചെറിയ പ്രായത്തിൽ തന്നെ വെരിഫിക്കേഷന്‍ ലഭിച്ച അപൂർവ്വം കുട്ടി സെലിബ്രിറ്റികളിൽ ഒരാൾകൂടിയാണ് ഐസിൻ. നയൻതാരയും കുഞ്ചാക്കോ ബോബനുമൊത്തുള്ള സിനിമയിലെ പ്രധാന സീനുകൾ അനായാസമായി ചിത്രീകരിക്കാൻ, എട്ടു വയസ്സുകാരനായ ഐസിന്റെ അഭിനയ പരിചയം ഏറെ ഗുണകരമായിട്ടുണ്ടെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. 

എസ് സഞ്ജീവാണ് സിനിമയുടെ തിരക്കഥ. ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത് എം പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവര്‍ നിര്‍മ്മാതാക്കളാണ്. ദീപക് ഡി മേനോന്‍ ക്യാമറയും, സൂരജ് എസ്. കുറുപ്പ് സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. അജ്‌മാൻ ഹാബിറ്റാറ്റ് സ്‌കൂളിലെ ഗ്രേഡ് 2 വിദ്യാർത്ഥിയാണ് ഐസിൻ.ദുബായിൽ താമസമാക്കിയ മലപ്പുറം നിലമ്പൂർ മൂത്തേടം സ്വദേശി ഹാഷ് ജവാദിന്റെയും, കോഴിക്കോട് നല്ലളം സ്വദേശി ലുല്ലു ഹാഷിന്റെയും മകനാണ് ഐസിൻ. ഏക സഹോദരി രണ്ടര വയസ്സുകാരിയായ ഹവാസിൻ ഹാഷും, പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.  

നേരത്തെയും ചില സിനിമകളിൽ അഭിനയിക്കാൻ ഐസിനു വിളി വന്നെങ്കിലും, പല കാരണങ്ങൾകൊണ്ടും നടക്കാതെപോയി. പിതാവിന്റെ സുഹൃത്തുവഴിയാണ് നിഴൽ സിനിമയുടെ സഹ സംവിധായകൻ സന്ദീപ് ബന്ധപ്പെടുന്നതും ദുബായിവെച്ച് വീഡിയോ കോൾ വഴി ഒഡീഷനിൽ പങ്കെടുക്കുന്നതും. നിരവധി ഹോളിവുഡ് സംവിധായകർക്കും,സാങ്കേതിക വിദഗ്ധർക്കുമൊപ്പം വർക്ക് ചെയ്ത ഐസിനു മലയാള സിനിമ അഭിനയം ഏറെ പുതുമയുള്ളതുതന്നെയാണ്. മലയാളം സംസാരിക്കാൻ ഏറെ ഇഷ്ട്ടപെടുന്ന ഐസിൻ വീട്ടുകാരോട് പെരുമാറുന്നതുപോലെയായിരുന്നു ഷൂട്ടിംഗ് സെറ്റിലും. 
 

Introducing Izin Hash in Appu Bhattathiri’s #Nizhal | #NizhalMovie #KunchackoBoban #Nayanthara

Posted by Nizhalmovie on Saturday, 28 November 2020

മൂന്നാം  വയസ്സിൽ ഒരു വീഡിയോ വൈറലായതോടെയാണ് ആളുകൾ ഐസിനെ തിരിച്ചറിയാൻ തുടങ്ങിയത്. പിന്നീട് സമൂഹമാധ്യമങ്ങളിൽ ഐസിന്റെ പേരിൽ അക്കൗണ്ട് തുടങ്ങിയപ്പോൾ ചെറിയ രീതിയിലുള്ള ഫോട്ടോഷൂട്ടുകളും ആരംഭിച്ചു. എന്നാൽ ഇതുവഴി ലഭിച്ച ആദ്യ സിനിമാ അവസരവും പരസ്യവും തുടക്കത്തിലേ പാളി. പിന്നീട് അതിൽ നിന്നും പാഠം ഉൾക്കൊണ്ടുകൊണ്ട് രക്ഷിതാക്കൾ മകനെ ഒരു പ്രഫഷണൽ താരമാക്കി മാറ്റാൻ രണ്ടു വർഷത്തിലേറെ പ്രയത്നിച്ചു. അഞ്ചാം വയസ്സിൽ ലഭിച്ച പീഡിയാഷുവറിന്റെ പരസ്യത്തിലൂടെ ഐസിൻ വീണ്ടും മോഡലിംഗ് രംഗത്ത് വീണ്ടും സജീവമായി.