Asianet News MalayalamAsianet News Malayalam

ഇന്റര്‍വ്യൂവിനിടെ യുവതിയുടെ പണവും ആഭരണവും കൊള്ളയടിച്ചു; ദുബായില്‍ ബിസിനസുകാരന്‍ ജയിലില്‍

സെപ്തംബര്‍ 27നാണ് ഇയാള്‍ 28കാരിയായ യുവതിയെ ഇന്റര്‍വ്യൂവിനെന്ന പേരില്‍ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി, 4000 ദിര്‍ഹവും 1800 ദിര്‍ഹം വിലവരുന്ന ആഭരണവും മോഷ്ടിച്ചത്. സംഭവം നടക്കുന്നതിന്റെ തലേദിവസം ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ വെച്ചാണ് ബിസിനസുകാരനെ യുവതി പരിചയപ്പെട്ടത്.

Investor jailed in Dubai for robbing job seeker during interview
Author
Dubai - United Arab Emirates, First Published Jan 10, 2019, 10:06 AM IST

ദുബായ്: ജോലി അന്വേഷിച്ചെത്തിയ യുവതിയെ ഇന്റര്‍വ്യൂവിനായി ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി പണവും ആഭരണങ്ങളും കൊള്ളയടിച്ച സംഭവത്തില്‍ ബിസിനസുകാരന് ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ചു. 39 വയസുകാരനായ ബംഗ്ലാദേശ് പൗരനെതിരായ കേസിലാണ് ദുബായ് കോടതി വിധി പറഞ്ഞത്. ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

സെപ്തംബര്‍ 27നാണ് ഇയാള്‍ 28കാരിയായ യുവതിയെ ഇന്റര്‍വ്യൂവിനെന്ന പേരില്‍ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി, 4000 ദിര്‍ഹവും 1800 ദിര്‍ഹം വിലവരുന്ന ആഭരണവും മോഷ്ടിച്ചത്. സംഭവം നടക്കുന്നതിന്റെ തലേദിവസം ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ വെച്ചാണ് ബിസിനസുകാരനെ യുവതി പരിചയപ്പെട്ടത്. തനിക്കൊരു കടയുണ്ടെന്നും അവിടേക്ക് ജീവനക്കാരിയെ ആവശ്യമുണ്ടെന്നും ഇയാള്‍ പറഞ്ഞു. യുവതി താല്‍പര്യം അറിയിച്ചപ്പോള്‍ പിറ്റേദിവസം ഇന്റര്‍വ്യൂവിന് വരാന്‍ നിര്‍ദ്ദേശിച്ച് വിലാസം നല്‍കുകയായിരുന്നു.

പിറ്റേദിവസം അന്വേഷിച്ച് എത്തിയപ്പോഴാണ് പ്രതി നല്‍കിയ വിലാസം ഒരു ഫ്ലാറ്റിന്റേതാണെന്ന് യുവതി അറിഞ്ഞത്. വിവിധ രാജ്യക്കാരായ നിരവധി സ്ത്രീകള്‍ അവിടെയുണ്ടായിരുന്നു. പ്രതിയെ കണ്ടപ്പോള്‍ ഒരു മുറിയിലേക്ക് വിളിച്ച് 'ഇന്റര്‍വ്യൂ' തുടങ്ങി. അവിടെയുള്ള മറ്റ് സ്ത്രീകളോടൊപ്പം വേശ്യാവൃത്തി ചെയ്യണമെന്നും അങ്ങനെ പണം സമ്പാദിക്കാമെന്നുമായി വാഗ്ദാനം. തനിക്ക് താല്‍പര്യമില്ലെന്ന് അറിയിച്ച് പോകാന്‍ ശ്രമിച്ചപ്പോഴാണ് വാതില്‍ പൂട്ടിയിരിക്കുന്നുവെന്ന് മനസിലായത്. തന്നെ കടന്നുപിടിച്ച് ശാരീരികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും കൈവശമുള്ള പണവും ആഭരണവും കൈക്കല്ലാക്കിയെന്നും യുവതി പരാതിയില്‍ പറയുന്നു.  

ഇതിനിടെ യുവതി പൊലീസിനെ വിളിച്ചതോടെ ഇയാള്‍ പരിഭ്രാന്തനായി. മുറിയില്‍ നിന്ന് പുറത്തിറങ്ങി രക്ഷപെടാന്‍ ശ്രമിച്ചുവെങ്കിലും യുവതി കെട്ടിടത്തിന്റെ താഴെ വരെ പ്രതിയെ പിന്തുടര്‍ന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ബര്‍ദുബായ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഒക്ടോബര്‍ മൂന്നിനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വിചാരണയില്‍ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ കോടതി ശിക്ഷ വിധിക്കുകയായിരുന്നു.

Follow Us:
Download App:
  • android
  • ios