കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ ഇഖാമ ഓൺലൈൻ വഴി പുതുക്കാം.  മാര്‍ച്ച് ഒന്നു മുതൽ സേവനം പ്രാബല്യത്തിൽ വരും. ഇഖാമ സേവനങ്ങൾ പൂർണമായി ഓൺലൈൻ വഴിയാക്കുന്ന നടപടിയുടെ രണ്ടാം ഘട്ടമായാണ്  ഇഖാമ പുതുക്കാൻ ആഭ്യന്തരമന്ത്രാലയം ഓൺലൈൻ സേവനം ലഭ്യമാക്കുന്നത്.

താമസകാര്യ മന്ത്രാലയത്തിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഇഖാമ പുതുക്കലിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയത്. ആദ്യ ഘട്ടത്തിൽ ഗാർഹികത്തൊഴിലാളികളുടെ ഇഖാമയാണ് ഓൺലൈൻ വഴി പുതുക്കാനുള്ള നടപടി സ്വീകരിച്ചത്. ഇതിനു പിന്നാലെ രണ്ടാം ഘട്ടത്തിലാണ് സ്വകാര്യമേഖലയിലേക്ക് കൂടി ഓൺലൈൻ സേവനം ലഭ്യമാക്കുന്നത്.

മൂന്നാം ഘട്ടത്തിൽ കുടുംബ വിസയിലുള്ളവർക്കും ഓൺലൈൻ സേവനം ലഭ്യമാക്കുമെന്നു ആഭ്യന്തര മന്ത്രാലയത്തിലെ താമസകാര്യ വിഭാഗം അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി മേജർ ജനറൽ തലാൽ അൽ മഅറഫി വ്യക്തമാക്കി. മന്ത്രാലയത്തിന്‍റെ ഇ സർവീസിൽ രെജിസ്റ്റർ ചെയ്യുന്ന കമ്പനികൾക്ക് പ്രത്യേക യൂസർ നെയിം, പാസ്‍വേർഡ് എന്നിവ അനുവദിക്കും. ഇത് ഉപയോഗിച്ചു ലോഗിൻ ചെയ്‌താൽ മാർച്ച ഒന്ന് മുതൽ താമസ കാര്യ ഓഫീസുകളിൽ നേരിട്ട് ചെല്ലാതെ ഓൺലൈൻ വഴി അപേക്ഷ പൂരിപ്പിച്ചു നടപടികൾ പൂർത്തിയാക്കാം.