സുരക്ഷ ഉറപ്പാക്കാൻ 24 മണിക്കൂർ നിരീക്ഷണവുമായി ഖത്തർ പരിസ്ഥിതി കാലാവസ്ഥ മന്ത്രാലയം
ദോഹ: മേഖലയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമാകുന്നതിനിടെ രാജ്യത്തെ വായുവിലും കടലിലുമുള്ള റേഡിയേഷന്റെ അളവ് സാധാരണ നിലയിലാണെന്ന് ഖത്തർ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (എംഇസിസി) സ്ഥിരീകരിച്ചു. ഞായറാഴ്ച്ച പുറത്തിറക്കിയ പ്രസ്‌താവനയിൽ, രാജ്യത്തുടനീളമുള്ള പ്രത്യേക കര, കടൽ വികിരണ നിരീക്ഷണ സംവിധാനങ്ങൾ ഉപയോഗിച്ച് റേഡിയേഷൻ അളവ് നിരന്തരം പരിശോധിച്ചുവരികയാണെന്ന് മന്ത്രാലയം അറിയിച്ചു. പരിസ്ഥിതിയിലെ റേഡിയേഷൻ അളവ് സ്ഥിരതയുള്ളതാണെന്ന് ഏറ്റവും പുതിയ ഡാറ്റ കാണിക്കുന്നു.
ഖത്തറിന്റെ എല്ലാ ഭാഗങ്ങളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന പുതിയ, നൂതന റേഡിയേഷൻ നിരീക്ഷണ സംവിധാനം ഉപയോഗിക്കാൻ തുടങ്ങിയതായും പരിസ്ഥിതി, കാലാവസ്ഥ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. റേഡിയേഷനിലെ ഏതെങ്കിലും തരത്തിലുള്ള വർധനവ് നേരത്തേ കണ്ടെത്താൻ ഈ സംവിധാനം സഹായിക്കുകയും ഖത്തറിലും മേഖലയിലും ഉയർന്ന സുരക്ഷ ഉറപ്പാക്കുമെന്നും മന്ത്രാലയം അറിയിച്ചു.
