ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്‍ദുല്‍ലത്തീഫ് അല്‍ സയാദി സ്വീകരിച്ചു. മുഹറഖ് ഗവര്‍ണര്‍ സല്‍മാന്‍ ബിന്‍ ഹിന്‍ദി, ഇസ്രയേലിലെ ബഹ്റൈന്‍ അംബാസഡര്‍ ഖാലിദ് അല്‍ ജലഹ്‍മ, ബഹ്റൈനിലെ ഇസ്രയേല്‍ അംബാസഡര്‍ എയ്‍താന്‍ നാഥ് തുടങ്ങിയവരും നിരവധി ഉന്നത ഉദ്യോഗസ്ഥരും വിമാനത്താവളത്തില്‍ സന്നിഹിതരായിരുന്നു.

മനാമ: ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് ഔദ്യോഗിക സന്ദര്‍ശനത്തിനായി ബഹറൈനിലെത്തി. ഇതാദ്യമായാണ് ഒരു ഇസ്രയേല്‍ രാഷ്‍ട്രത്തലവന്‍ ബഹ്റൈന്‍ സന്ദര്‍ശിക്കുന്നത്. ബഹ്‌റൈന്‍ ഭരണാധികാരി ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ ക്ഷണം സ്വീകരിച്ചാണ് ഹെര്‍സോഗ് ഔദ്യോഗിക സന്ദര്‍ശനത്തിനായി ഞായറാഴ്ച മനാമയിലെത്തിയത്.

ബഹ്റൈന്‍ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഇസ്രയേല്‍ പ്രസിഡന്റിനെയും സംഘത്തെയും ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്‍ദുല്‍ലത്തീഫ് അല്‍ സയാദി സ്വീകരിച്ചു. മുഹറഖ് ഗവര്‍ണര്‍ സല്‍മാന്‍ ബിന്‍ ഹിന്‍ദി, ഇസ്രയേലിലെ ബഹ്റൈന്‍ അംബാസഡര്‍ ഖാലിദ് അല്‍ ജലഹ്‍മ, ബഹ്റൈനിലെ ഇസ്രയേല്‍ അംബാസഡര്‍ എയ്‍താന്‍ നാഥ് തുടങ്ങിയവരും നിരവധി ഉന്നത ഉദ്യോഗസ്ഥരും വിമാനത്താവളത്തില്‍ സന്നിഹിതരായിരുന്നു. ബഹ്റൈന്‍ രാജാവ്‍ ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുമായി ഐസക് ഹെര്‍സോഗ് ചര്‍ച്ച നടത്തി. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം ശക്തമാക്കുന്നതിനുള്ള നടപടികളും രണ്ട് രാജ്യങ്ങള്‍ക്കും താത്പര്യമുള്ള പ്രാദേശിക - അന്താരാഷ്‍ട്ര വിഷയങ്ങളും ചര്‍ച്ചയായി. 

ഇസ്രയേലുമായി സാധാരണ നയതന്ത്ര ബന്ധം സ്ഥാപിച്ചുകൊണ്ട് ബഹ്റൈനും യുഎഇയും 2020ല്‍ 'അബ്രഹാം ഉടമ്പടി' എന്ന പേരില്‍ കരാര്‍ ഒപ്പുവെച്ചിരുന്നു. ഇതിന് പിന്നാലെ ഇരു രാജ്യങ്ങളും പരസ്‍പരം എംബസികള്‍ തുറക്കുകയും ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാവുകയും ചെയ്തിരുന്നു. ഇസ്രായേലി പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് മനാമയില്‍ നേരത്തെ രണ്ട് ദിവസത്തെ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇസ്രായേല്‍ പ്രസിഡന്‍റിന്‍റെയും സന്ദര്‍ശനം. 

ബഹ്റൈന് ശേഷം ഐസക് ഹെര്‍ഗോസ് തിങ്കളാഴ്‍ച യുഎഇയും സന്ദര്‍ശിക്കും. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാനുമായി കൂട്ടിക്കാഴ്‍ച നടത്തുന്ന അദ്ദേഹം അബുദാബി സ്‍പേസ് ഫോറത്തിലും സംസാരിക്കും. നേരത്തെ ജനുവരിയില്‍ ഐസക് ഹെര്‍ഗോസ് അബുദാബിയും ദുബൈയും സന്ദര്‍ശിച്ചിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അബുദാബി സ്‍പേസ് ഫോറത്തില്‍ പങ്കെടുക്കും.

Read also: ഒമാനില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്; ഒരാള്‍ക്ക് ഗുരുതര പരിക്ക്