പൂത്തുനിൽക്കുന്ന മരങ്ങളുടെ പശ്ചാത്തലത്തിൽ ചിത്രങ്ങൾ പകർത്താനാണ് പ്രധാനമായും ആളുകൾ എത്തുന്നത്

അബഹ: സൗദി അറേബ്യയിൽ വസന്തകാലത്തിന്റെ വരവറിയിച്ച് ജക്രാന്ത മരങ്ങൾ പൂത്തുലഞ്ഞു. അസീർ മേഖലയിലാണ് പ്രധാനമായും കാഴ്ചയുടെ വിസ്മയം തീർത്ത് ജക്രാന്ത മരങ്ങൾ പൂത്തുനിൽക്കുന്നത്. അബഹയിലും മറ്റു ​ഗവർണറേറ്റുകളിലും ജക്രാന്ത മരങ്ങൾ പൂവിട്ടിട്ടുണ്ട്. ന​ഗരത്തിലെ തെരുവോരങ്ങളും പാർക്കുകളും പരിസര പ്രദേശങ്ങളുമെല്ലാം നീല നിറത്തിൽ മുങ്ങിയിരിക്കുന്നത് വളരെ ആകർഷണീയമായ കാഴ്ചയാണ്.

അസീർ മേഖലയിൽ ജക്രാന്ത മരങ്ങൾ പൂവിട്ട് നിൽക്കുന്നത് കാണാൻ നിരവധി പേരാണ് ഇവിടെയെത്തുന്നത്. പൂത്തുനിൽക്കുന്ന മരങ്ങളുടെ പശ്ചാത്തലത്തിൽ ചിത്രങ്ങൾ പകർത്താനാണ് പ്രധാനമായും ആളുകൾ എത്തുന്നത്. റസ്റ്റോറന്റുകളും കോഫി ഷോപ്പുകളും ഈ മരങ്ങൾക്ക് കീഴെ ഇരിപ്പിടങ്ങൾ ഒരുക്കി സന്ദർശകരെ ആകർഷിക്കുന്നുണ്ട്. അസീർ മേഖലയിൽ ഏതാണ്ട് 15,000ത്തോളം ജക്രാന്ത മരങ്ങൾ ഉണ്ട്. ഇത് 18 മീറ്ററോളം ഉയരത്തിൽ വളരാറുണ്ട്. ബെ​ഗോണിയോസി കുടുംബത്തിൽപ്പെട്ടവയാണ് ജക്രാന്ത മരങ്ങൾ. മാർച്ച് പകുതി മുതൽ ഇവ പൂത്തു തുടങ്ങും. വിത്തുകളിലൂടെ സ്വാഭാവികമായി പ്രജനനം നടത്തുന്നവയാണ് ഈ മരങ്ങൾ.

read more: മസ്കറ്റിൽ അമോണിയം വാതക ചോർച്ച, വിഷ വാതകം ശ്വസിച്ച് അഞ്ച് പേർ ആശുപത്രിയിൽ

ജനങ്ങൾ അധികമായി എത്തുന്ന ആർട്ട് സ്ട്രീറ്റ് മുതൽ അബു ഖയാൽ, ആൻഡലസ് പാർക്കുകളിലെ ഇടങ്ങൾ വരെയും നീലനിറത്തിലുള്ള ജക്രാന്ത പൂക്കൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. സൗദിയിൽ പ്രധാനമായും വിനോദ സഞ്ചാരികൾ എത്തുന്ന ഇടമാണ് അസീർ മേഖല. പൊതുവെ തണുപ്പും മഞ്ഞുമാണ് ഇവിടുത്തെ ഇപ്പോഴത്തെ കാലാവസ്ഥ. മൂന്നാറിൽ മാർച്ച് സമയങ്ങളിൽ ജക്രാന്ത അല്ലെങ്കിൽ നീല വാകകൾ പൂത്തിരുന്നു. ആ കാഴ്ചകൾ കാണാനും അനുഭവിക്കാനും കഴിയാത്ത സൗദി മലയാളികൾക്ക് അബഹയിൽ പൂത്തുലഞ്ഞ ജക്രാന്ത മരങ്ങൾ ഒരു ആശ്വാസം തന്നെയാണ്. വൈവിധ്യമാർന്ന സസ്യങ്ങൾ അബഹയുടെ പ്രത്യേകതയാണ്. ഇവിടെയിപ്പോൾ നീല പരവതാനി വിരിച്ചിരിക്കുന്ന ഈ ജക്രാന്ത മരങ്ങളാണ് പ്രധാന ആകർഷണം. സ്വദേശികളും വിദേശികളുമടക്കം നിരവധി പേരാണ് ഈ നയന മനോഹരമായ കാഴ്ച ആസ്വദിക്കാനെത്തുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം