അബുദാബി: കൊവിഡ് 19 ബാധിച്ച് യുഎഇയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചെന്ന വ്യാജവാര്‍ത്ത സൃഷ്ടിച്ചവര്‍ക്കെതിരെ നടപടി. കേസില്‍ ഉള്‍പ്പെട്ടവര്‍ക്ക് അബുദാബി ഫെഡറല്‍ കോര്‍ട്ട് ഓഫ് അപ്പീല്‍ ജയില്‍ശിക്ഷ വിധിച്ചതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് നാഷണല്‍ എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് അതോറിറ്റി(എന്‍സിഇഎംഎ) ഓഗസ്റ്റില്‍ അറിയിച്ചിരുന്നു. ടെലിവിഷനിലും സാമൂഹിക മാധ്യമങ്ങളിലും പ്രചരിച്ച ഈ റിപ്പോര്‍ട്ട് വസ്തുതാവിരുദ്ധമാണെന്ന് എന്‍സിഇഎംഎ ട്വിറ്ററില്‍ അറിയിച്ചു. ടെലിവിഷന്‍ ചാനല്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് തെറ്റാണ്. അങ്ങനെയൊരു കുടുംബം ഇല്ല. വാര്‍ത്ത പൂര്‍ണമായും കെട്ടിച്ചമച്ചതാണെന്ന് എന്‍സിഇഎംഎ ഔദ്യോഗിക വക്താവ് സെയ്ഫ് അല്‍ ദാഹേരി ഓഗസ്റ്റില്‍ പറഞ്ഞിരുന്നു.

മാധ്യമങ്ങളിലൂടെ നിരുത്തരവാദപരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ പബ്ലിക് പ്രോസിക്യൂഷന്‍ കര്‍ശന നടപടിയെടുക്കുമെന്ന് എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ പ്രോസിക്യൂഷന്‍ ആക്ടിങ് മേധാവി കൗണ്‍സിലര്‍ സാലെം അല്‍ സാബി നേരത്തെ വ്യക്തമാക്കിയിരുന്നു. വ്യാജവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ചാനല്‍ പിന്നീട് സംഭവത്തില്‍ മാപ്പ് പറഞ്ഞിരുന്നു.