ആരോഗ്യ, കായിക മന്ത്രാലയങ്ങളും ‘വാക്കിങ് ചലഞ്ച്’ ആപ്പുമായി സഹകരിച്ചാണ് പദ്ധതി

റിയാദ്: പൊതുജനാരോഗ്യ സംരക്ഷണത്തിന് എല്ലാവരെയും വ്യായാമത്തിലേക്ക് ആകർഷിക്കാൻ നടത്ത വ്യായാമ പദ്ധതി ആരംഭിച്ച് ജിദ്ദ മുനിസിപ്പാലിറ്റി. ജീവിതശൈലി മെച്ചപ്പെടുത്തുന്നതിനും വ്യായാമ നിരക്ക് വർധിപ്പിക്കുന്നതിനുമായി നഗരത്തിലെ പൊതുനടപ്പാതകളിലൂടെ ‘ജിദ്ദ നടത്തം’ എന്ന പദ്ധതിക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്.

ആരോഗ്യ, കായിക മന്ത്രാലയങ്ങളും ‘വാക്കിങ് ചലഞ്ച്’ ആപ്പുമായി സഹകരിച്ചാണ് പദ്ധതി. ‘വിഷൻ 2030’ൻ്റെ ഭാഗമായി ജീവിത നിലവാരം ഉയർത്തുന്നതിനും സമൂഹത്തിലെ അംഗങ്ങളെ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. ജൂലൈ 19 വരെ നീണ്ടുനിൽക്കുന്ന പദ്ധതിയിൽ രണ്ട് പ്രധാന പരിപാടികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ആദ്യത്തേത് ‘60 മിനിറ്റ് ചലഞ്ച്’ ആണ്. പങ്കെടുക്കുന്നവർക്ക് അനുയോജ്യമായ സമയത്ത് അവർക്ക് ഇഷ്ടമുള്ള ഏത് നടപ്പാതയിലും ദിവസവും ഒരു മണിക്കൂർ നടക്കാം.

രണ്ടാമത്തേത് ‘പോയിൻ്റ്സ് ചലഞ്ച്’ ആണ്. അമീർ മാജിദ് പാർക്ക്, അൽ യമാമ, അൽ ഹംദാനിയ തുടങ്ങിയ പ്രധാന നടപ്പാതകളിൽ എല്ലാ ശനിയാഴ്ചകളിലും തങ്ങളുടെ മൊബൈൽ ഫോണിൻ്റെ കാമറ ഉപയോഗിച്ച് പോയിൻ്റുകൾ ശേഖരിക്കാൻ പങ്കാളികളെ പ്രാപ്തരാക്കുന്ന ഒരു ഇൻ ആപ്പ് പ്രോത്സാഹന സംവിധാനമാണിത്.