റിയാദിനെ ഇളക്കിമറിച്ച ഷോയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

റിയാദ്: സൗദി അറേബ്യയിലെ റിയാദിനെ ഇളക്കിമറിച്ച് ഹോളിവുഡ് സുന്ദരികളും പ്രശസ്ത ഗായികമാരും. ജെന്നിഫര്‍ ലോപ്പസ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ റിയാദില്‍ വിസ്മയപ്രകടനം കാഴ്ചവെച്ചു. സൗദി അറേബ്യയിലെ റിയാദില്‍ റിയാദ് സീസണിന്‍റെ ഭാഗമായി ബുധനാഴ്ച നടന്ന '1001 സീസണ്‍സ് ഓഫ് എലീ സാബ്' പരിപാടിയുടെ വേദിയില്‍ മുന്‍നിര ഹോളിവുഡ് താരങ്ങളാണ് അണിനിരന്നത്. 

പ്രമുഖ ലെബനീസ് ഡിസൈനറായ എലീ സാബിന്‍റെ കരിയറിലെ 45-ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് റിയാദില്‍ ഫാഷന്‍ ഷോ സംഘടിപ്പിച്ചതെന്ന് 'അറബ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. വേദിയില്‍ ജെന്നിഫര്‍ ലോപ്പസ്, സെലീന്‍ ഡിയോണ്‍, കാമില കാബെല്ലോ എന്നിവരുടെ വിസ്മയിപ്പിക്കുന്ന പ്രകടനങ്ങള്‍ കാണികളെ ആവേശത്തിലാക്കി. തന്‍റെ എക്കാലത്തെയും വലിയ ഹിറ്റുകളായ 'ഓണ്‍ ദി ഫ്ലോര്‍', 'ലെറ്റ്സ് ഗെറ്റ് ലൗഡ്', 'വെയിറ്റിങ് ഫോര്‍ ടുനൈറ്റ്' എന്നീ ഗാനങ്ങള്‍ ജെന്നിഫര്‍ ലോപ്പസ് വേദിയില്‍ അവതരിപ്പിച്ചു. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

റാംപിലെത്തിയ സെലീന്‍ ഡിയോണ്‍ 'ദി പവര്‍ ഓഫ് ലവ്', 'ഐ ആം ലൈവ്' എന്നീ ഗാനങ്ങള്‍ അവതരിപ്പിച്ചു.

View post on Instagram

ഹിറ്റ് ഗാനമായ 'ഹവാന' പാടിക്കൊണ്ടാണ് കാമില കാബെല്ലോ വേദിയിലെത്തിയത്. ഇവര്‍ക്ക് പുറമെ നാന്‍സി അജ്റം, അമര്‍ ഡിയാബ് എന്നിവരും എലീ സാബ് ആഘോഷത്തിന്‍റെ ഭാഗമായി.

2002ല്‍ മികച്ച നടിക്കുള്ള ഓസ്കാര്‍ നേടിയപ്പോള്‍ ധരിച്ചിരുന്ന ഗൗണ്‍ അണിഞ്ഞു കൊണ്ടാണ് ഹാലി ബെറി വേദിയിലെത്തിയത്. പരിപാടിയില്‍ 300 എലീ സാബ് ഡിസൈനുകളും പ്രദര്‍ശിപ്പിച്ചു. 

Scroll to load tweet…