Asianet News MalayalamAsianet News Malayalam

ദുബായ് ബസ് അപകടം; കോടതി വിധിയോടെ നീതി നടപ്പായെന്ന് മരിച്ചവരുടെ ബന്ധുക്കള്‍

മരണപ്പെട്ട 17 പേരില്‍ എട്ട് മലയാളികള്‍ ഉള്‍പ്പെടെ 12 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്.  കേസിലെ നടപടികള്‍ ഇത്രവേഗം പൂര്‍ത്തിയായതിലാണ് ഏവര്‍ക്കും ആശ്വാസം. എന്നാല്‍ ഇനി എന്ത് ചെയ്യണമെന്ന കാര്യത്തില്‍ പലര്‍ക്കും വ്യക്തതയില്ല. 

justice served relatives of dubai bus accident victims responds
Author
Dubai - United Arab Emirates, First Published Jul 12, 2019, 4:04 PM IST

ദുബായ്: ദുബായില്‍ 17 പേരുടെ മരണത്തിന് കാരണമായ ബസ് അപകടത്തില്‍ കോടതി വിധിയോടെ നീതി നടപ്പായെന്ന്   മരിച്ചവരുടെ ബന്ധുക്കള്‍ പ്രതികരിച്ചു. ബസ് ഡ്രൈവര്‍ക്ക് ഏഴ് വര്‍ഷം ജയില്‍ ശിക്ഷയും മരണപ്പെട്ട ഓരോരുത്തരുടെയും ആശ്രിതര്‍ക്ക് 37 ലക്ഷം രൂപ വീതവും ബ്ലഡ് മണിയുമാണ് വ്യാഴാഴ്ച കോടതി വിധിച്ചത്. മരിച്ച 17 പേരുടെ ആശ്രിതര്‍ക്കായി 34 ലക്ഷം ദിര്‍ഹമാണ് ഡ്രൈവര്‍ ബ്ലഡ് മണി നല്‍കേണ്ടത്.

കഴിഞ്ഞ ചെറിയ പെരുന്നാള്‍ അവധിക്കാലത്ത് നടന്ന അപകടത്തിന് കാരണമായത് ഡ്രൈവറുടെ അശ്രദ്ധയാണെന്ന നിഗമനത്തിലാണ് കോടതി എത്തിച്ചേര്‍ന്നത്. റോഡില്‍ വാഹനങ്ങളുടെ ഉയരം നിയന്ത്രിക്കാന്‍ സ്റ്റീല്‍ തൂണ്‍ സ്ഥാപിച്ചത് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന വാദം ഡ്രൈവറുടെ അഭിഭാഷകന്‍ ഉയര്‍ത്തിയെങ്കിലും അത് കോടതി അംഗീകരിച്ചില്ല. രണ്ട് ലക്ഷം ദിര്‍ഹം വീതം ബ്ലഡ് മണി നല്‍കാനുള്ള കോടതി വിധി കടുത്ത ദുഃഖത്തിനിടയില്‍ ലഭിക്കുന്ന ചെറിയ ആശ്വാസമാവുമെന്ന് അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ പ്രതികരിച്ചു. കുടുംബത്തിന്റെ ഒരേയൊരു ആശ്രയമായിരുന്നവരെയാണ് പലര്‍ക്കും നഷ്ടമായത്. ചില കുടുംബങ്ങള്‍ സാമ്പത്തികമായി തകര്‍ന്ന നിലയിലുമാണ്. ബ്ലഡ് മണി ലഭിക്കുന്നതിനാവശ്യമായ രേഖകള്‍ ശരിയാക്കാനും നടപടികള്‍ പൂര്‍ത്തീകരിക്കാനുമുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍.

മരണപ്പെട്ട 17 പേരില്‍ എട്ട് മലയാളികള്‍ ഉള്‍പ്പെടെ 12 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്.  കേസിലെ നടപടികള്‍ ഇത്രവേഗം പൂര്‍ത്തിയായതിലാണ് ഏവര്‍ക്കും ആശ്വാസം. എന്നാല്‍ ഇനി എന്ത് ചെയ്യണമെന്ന കാര്യത്തില്‍ പലര്‍ക്കും വ്യക്തതയില്ല. പ്രതീക്ഷിച്ച വിധിയാണ് വന്നതെന്നും എന്നാല്‍ ഇത്രവേഗം നടപടികള്‍ പൂര്‍ത്തിയായതില്‍ സന്തോഷമുണ്ടെന്നുമാണ് അപകടത്തില്‍ മരിച്ച മലയാളികളായ ഉമ്മറിന്റെയും മകന്‍ നബീല്‍ ഉമ്മറിന്റെയും ബന്ധു ഖലീജ് ടൈംസിനോട് പ്രതികരിച്ചത്. വിധി വരാന്‍ കുറച്ച് മാസങ്ങള്‍ കൂടി എടുക്കുമെന്നായിരുന്നു കരുതിയിരുന്നത്. തലശേരിയിലുള്ള ഇവരുടെ കുടുംബത്തിന് ഇനി തുടര്‍നടപടികള്‍ എന്താണെന്ന കാര്യത്തില്‍ വ്യക്തതയില്ല. രണ്ട് പേരുടെയും മരണത്തോടെ ദുരിതത്തിലായ കുടുംബത്തിന് ബ്ലഡ് മണി ആശ്വാസമാവുമെന്നും അദ്ദേഹം പറഞ്ഞു.

സഹോദരിയുടെ ദാരുണ മരണം ഇപ്പോഴും തങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനായിട്ടില്ലെന്നായിരുന്നു മരണപ്പെട്ട റോഷ്‍നിയുടെ സഹോദരി പ്രതികരിച്ചത്. ഡ്രൈവറുടെ അശ്രദ്ധയ്ക്ക് ശിക്ഷ ലഭിക്കണം. എന്നാല്‍ ഡ്രൈവര്‍ മാത്രമല്ല സംഭവത്തിന് ഉത്തരവാദി. വാഹനങ്ങള്‍ നിര്‍ത്താന്‍ ഇത്തരം സൈന്‍ ബോര്‍ഡുകള്‍ ആവശ്യമില്ല. വാഹനം ഇടിച്ചാല്‍ വാഹനമല്ല സൈന്‍ ബോര്‍ഡാണ് തകരേണ്ടിയിരുന്നതെന്നും അവര്‍ പറഞ്ഞു.

വ്യാഴാഴ്ച കേസില്‍ വിധി പറയുമ്പോള്‍ ഡ്രൈവറും അദ്ദേഹത്തിന്റെ മകനും ബന്ധുക്കളും ഉള്‍പ്പെടെയുള്ളവര്‍ കോടതിയിലുണ്ടായിരുന്നു. ആശുപത്രിയില്‍ നിന്ന് ഡിസ്‍ചാര്‍ജ് ചെയ്യപ്പെട്ട ഡ്രൈവര്‍ ചികിത്സയിലാണെന്നും അദ്ദേഹത്തെ അല്‍ അവീര്‍ ജയിലിലേക്ക് മാറ്റിയെന്നും ബന്ധുക്കള്‍ പറഞ്ഞു. മരണപ്പെട്ടവരുടെ ബന്ധുക്കളെപ്പോലെ തങ്ങളും സംഭവത്തില്‍ അതീവ ദുഃഖിതരാണെന്നും അവര്‍ പറഞ്ഞു.

Follow Us:
Download App:
  • android
  • ios