ഉയർത്തിയ ഭാഗം വെളുത്ത കോട്ടൺ തുണികൊണ്ട് മൂടിയിട്ടുണ്ട്. അതിന് രണ്ടര മീറ്റർ വീതിയും നാല് വശങ്ങളിലും 54 മീറ്റർ നീളവുമുണ്ട്.
റിയാദ്: ഹജ്ജ് ഒരുക്കങ്ങളുടെ ഭാഗമായി കഅ്ബയെ പുതപ്പിക്കുന്ന വസ്ത്രമായ ‘കിസ്‌വ’യുടെ അടിഭാഗം ഉയർത്തിക്കെട്ടി. കിസ്‌വയുടെ വ്യത്തി കാത്തുസുക്ഷിക്കുന്നതിനും കേടുപാടുകളില്ലാതെ സംരക്ഷിക്കുന്നതിനുമാണ് പതിവ്പോലെ ഈ വർഷവും ഹജ്ജിന് മുന്നോടിയായി കിസ്‌വ ഉയർത്തിക്കെട്ടിയത്. മൂന്ന് മീറ്റർ പൊക്കത്തിലാണ് ഉയർത്തിക്കെട്ടിയത്.
ഉയർത്തിയ ഭാഗം വെളുത്ത കോട്ടൺ തുണികൊണ്ട് മൂടിയിട്ടുണ്ട്. അതിന് രണ്ടര മീറ്റർ വീതിയും നാല് വശങ്ങളിലും 54 മീറ്റർ നീളവുമുണ്ട്. കിസ്‌വ കേന്ദ്രത്തിൽ നിന്നുള്ള 36 സാങ്കേതിക ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തിൽ 10 ക്രെയിനുകൾ ഉപയോഗിച്ചാണ് കിസ്‌വ ഉയർത്തിക്കെട്ടിയത്.
പല ഘട്ടങ്ങളിലായാണ് കിസ്‌വ ഉയർത്തിക്കെട്ടുന്നത്. ആദ്യം എല്ലാ വശങ്ങളിൽ നിന്നും ആവരണത്തിന്റെ അടിഭാഗം നീക്കം ചെയ്യുകയും കോണുകൾ വേർതിരിക്കുകയും ചെയ്യുന്നു. പിന്നീട് താഴത്തെ കയർ അഴിച്ച് കിസ്‌വയുടെ ഫിക്സിംഗ് വളയങ്ങളിൽ നിന്ന് നീക്കം ചെയ്യുന്നു. കിസ്‌വ മൂന്ന് മീറ്റർ ഉയരത്തിൽ എല്ലാ ഭാഗത്തും സമാന്തരമായി പൊതിയുന്നു. അതിനു ശേഷം എല്ലാ വശങ്ങളിലും വെളുത്ത തുണി ഓരോന്നായി ഉറപ്പിക്കുന്നു.
(ഫോട്ടോ: കഅബയെ പൊതിഞ്ഞ ‘കിസ്‌വ’യുടെ അടിഭാഗം ഉയർത്തിക്കെട്ടുന്ന ജോലിയിലേർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർ.)
Read Also - മലയാളി ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് ഒമാനില്‍ മരിച്ചു
സന്ദർശന വിസക്കാർക്ക് മക്കയിലേക്ക് പ്രവേശിക്കുന്നതിന് വിലക്ക്
റിയാദ്: സൗദിയിൽ സന്ദർശന വിസയിലുള്ളവർക്ക് വ്യാഴാഴ്ച മുതൽ ഒരു മാസത്തേക്ക് മക്കയിലേക്ക് പ്രവേശിക്കുന്നതിനും അവിടെ താമസിക്കുന്നതിനും വിലക്ക്. എല്ലാത്തരം സന്ദർശന വിസകൾക്കും തീരുമാനം ബാധകമാകുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
സന്ദർശന വിസകൾ കൈവശമുള്ളവരെ മക്കയിൽ പ്രവേശിക്കാനോ അവിടെ തുടരാനോ അനുവദിക്കില്ല. മെയ് 23 (വ്യാഴം) മുതൽ ജൂൺ 21 (വെള്ളി) വരെ ഒരു മാസത്തേക്കാണ് വിലക്ക്. വിവിധ പേരുകളിലുള്ള സന്ദർശക വിസകൾ ഹജ്ജ് നിർവഹിക്കാനുള്ള പെർമിറ്റായി കണക്കാക്കില്ല. നിയമം ലംഘിക്കുന്നവർ രാജ്യത്തെ നിയമങ്ങളും നിർദ്ദേശങ്ങളും അനുസരിച്ച് കനത്ത ശിക്ഷാ നടപടികൾക്ക് വിധേയമായിരിക്കുമെന്നും നിയമലംഘകരെ നാടുകടത്തുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതെ സമയം, നുസ്ക് ആപ്ലിക്കേഷൻ വഴി ഉംറ പെർമിറ്റുകൾ നൽകുന്നതും നിർത്തലാക്കിയിട്ടുണ്ട്.
ഉംറ പെർമിറ്റുകൾ ഇനി ഹജ്ജിന് ശേഷം മാത്രമേ അനുവദിക്കൂ. മക്കയിൽ തിരക്ക് നിയന്ത്രിക്കുന്നതിനും തീർഥാടകർക്ക് പ്രയാസരഹിതമായി ഹജ്ജ് കർമങ്ങൾ നിർവഹിക്കുന്നതിനും വേണ്ടിയാണ് നിയമം കർശനമാക്കിയതെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതോടൊപ്പം രാജ്യത്തെ വിവിധ മേഖലകളിൽ അനധികൃത ഹജ്ജ് സ്ഥാപനങ്ങളെ പിടികൂടാനുള്ള നടപടികൾ സുരക്ഷ വകുപ്പിന് കീഴിൽ തുടരുകയാണ്. മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളിൽ പരിശോധനകൾ കർശനമാക്കുകയും ചെയ്തിട്ടുണ്ട്.
