തിരുവനന്തപുരം: പ്രവാസി വകുപ്പിന് കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ ഇരട്ടിയിലധികം തുക നീക്കിവെച്ചും മടങ്ങിവരുന്ന പ്രവാസികള്‍ക്കായി പ്രത്യേക പദ്ധതി പ്രഖ്യാപിച്ചും മറുനാടന്‍ മലയാളികളെക്കൂടി കാര്യമായി പരഗണിക്കുന്ന ബജറ്റാണ് ഇന്ന് ധനകാര്യ മന്ത്രി അവതരിപ്പിച്ചത്. പ്രവാസി സംഘടനകള്‍ക്ക് ധനസഹായത്തിന് രണ്ട് കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്.

പ്രവാസികളുടെ നിര്‍വചനത്തിനും നികുതിയിലും കേന്ദ്ര ബജറ്റ് വരുത്തിയ മാറ്റം വലിയൊരു തിരിച്ചടിയാണെന്ന് പ്രസംഗത്തില്‍ ധനകാര്യ മന്ത്രി കുറ്റപ്പെടുത്തി. രാജ്യത്തിന്റെ വ്യാപാര കമ്മി നികത്തുന്നതില്‍ ഏറ്റവും വലിയ സംഭാവന ചെയ്യുന്ന പ്രവാസികള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

പ്രവാസി വകുപ്പിനുള്ള വകയിരുത്തൽ 2019-20 സാമ്പത്തിക വര്‍ഷത്തിൽ 30 കോടി രൂപയായിരുന്നത് 90 കോടി രൂപയായാണ് ഉയര്‍ത്തിയത്. കഴിഞ്ഞ വര്‍ഷം ബജറ്റില്‍ വകയിരുത്തിയതിന് പുറമെ 36 കോടി രൂപകൂടി അനുവദിച്ചുവെന്നും മന്ത്രി പറഞ്ഞു. തിരിച്ചുവരുന്ന പ്രവാസികളുടെ പുനരധിവാസത്തിനും ബജറ്റില്‍ പരിഗണനയുണ്ട്. പ്രവാസികളുടെ സാന്ത്വനം സ്കീമിന് 27 കോടി രൂപ നീക്കിവെച്ചു. ഈ പദ്ധതി പ്രകാരം സഹായം ലഭിക്കാനുള്ള കുടുംബ വരുമാന പരിധി ഒരു ലക്ഷം രൂപയില്‍ നിന്ന് ഒന്നര ലക്ഷം രൂപയാക്കി ഉയര്‍ത്തി.

പ്രവാസി ക്ഷേമനിധിക്ക് ഒന്‍പത് കോടി രൂപ നീക്കിവെച്ചു. ചെറുകിട സംരംഭകര്‍ക്ക് മൂലധന സംബ്‍സിഡിയും നാല് വര്‍ഷത്തേക്ക് പലിശ സബ്‍സിഡിയും നല്‍കുന്നതിന് 18 കോടിയും നീക്കിവെച്ചു. വിദേശത്ത് സ്ഥിരതാമസമാക്കിയിട്ടുള്ള മലയാളി കുടുംബങ്ങളിലെ വയോജനങ്ങള്‍ക്കുവേണ്ടി സാധാരണ നിലയില്‍ വിദേശത്ത് ലഭ്യമാകുന്ന സൗകര്യങ്ങള്‍ ഉറപ്പുവരുത്തിക്കൊണ്ടുള്ള കെയര്‍ ഹോം അഥവാ ഗാര്‍ഡന്‍ ഓഫ് ലൈഫ് എന്ന പദ്ധതിയും പ്രഖ്യാപിച്ചു. ഇതിനുള്ള കമ്പനിക്ക് നോര്‍ക്ക ഓഹരിയായി ആദ്യ യൂണിറ്റിന് അഞ്ചേക്കര്‍ ഭൂമി ലഭ്യമാക്കും.

നോര്‍ക്കയുടെ കീഴില്‍ സ്ഥാപിക്കുന്ന ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിന് രണ്ട് കോടിയാണ് നീക്കിവെച്ചത്. വിദേശജോലിക്ക് പ്രോത്സാഹനങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായി വിദഗ്ധ സംഘത്തിന്റെ സഹായത്തോടെ ജോബ് പോര്‍ട്ടല്‍ സമഗ്രമാക്കുന്നതിന് ഒരു കോടിയും വൈദഗ്ധ്യ പോഷണത്തിന് രണ്ട് കോടിയും നീക്കിവെച്ചു. 10,000 നഴ്സുമാര്‍ക്ക് വിദേശ ജോലിക്ക് ക്രാഷ് ഫിനിഷിങ് കോഴ്സിന് അഞ്ച് കോടി രൂപയും വകയിരുത്തി.

വിദേശത്തുള്ള പ്രവാസികള്‍ക്കായുള്ള സഹായ പദ്ധതിയുടെ ഭാഗമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈനിനും ബോധവത്കരണത്തിനും ലീഗല്‍ എയിഡ് സെല്ലിനും കൂടി മൂന്ന് കോടി രൂപ നീക്കിവെച്ചു. എയര്‍പോര്‍ട്ട് ആംബുലന്‍സിനും എയര്‍പോര്‍ട്ട് ഇവാക്വേഷനും വേണ്ടി 1.5 കോടി, ഇന്റര്‍നെറ്റ് റേഡിയോ മലയാള മിഷന്‍ പഠന കേന്ദ്രങ്ങളിലെ ഗ്രന്ഥശാലകള്‍, മലയാളം പഠിപ്പിക്കുന്നതിനുള്ള ഓണ്‍ലൈന്‍ കോഴ്സ് എന്നിവയ്ക്കായി മലയാളം മിഷന് മൂന്ന് കോടിയും നീക്കിവെച്ചിട്ടുണ്ട്. ഇതിന് പുറമെ ലോക കേരള സഭയ്ക്കും ലോക സാംസ്കാരിക മേളയ്ക്കും കൂടി 12 കോടിയാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്.

പ്രവാസികളുടെ സമ്പാദ്യ സമാഹരണവും ക്ഷേമവും മുന്‍നിര്‍ത്തി ആരംഭിച്ചിട്ടുള്ള പ്രവാസി ഡിവിഡന്റും പ്രവാസി ചിട്ടിയും 2020-21 വര്‍ഷത്തില്‍ പൂര്‍ണപ്രവര്‍ത്തനപഥത്തിലെത്തും. പ്രവാസി ഡിവിഡന്റ് പദ്ധതിയില്‍ നിക്ഷേപത്തിന് 10 ശതമാനം പ്രതിമാസ ഡിവിഡന്റ് സര്‍ക്കാര്‍ സബ്‍സിഡിയോടെ ഗ്യാരന്റി ചെയ്തിട്ടുണ്ട്. പ്രവാസി ചിട്ടിയില്‍, ചിട്ടിയുടെ ആനുകൂല്യങ്ങള്‍ക്കൊപ്പം ഇന്‍ഷുറന്‍സിന്റെയും പെന്‍ഷന്റെയും ആനുകൂല്യങ്ങള്‍ കൂടി ഉറപ്പാക്കും. വിദേശ മലയാളികള്‍ക്ക് കേരളത്തിലെ പ്രൊജക്ടുകള്‍ സ്പോണ്‍സര്‍ ചെയ്യാം. കേരളത്തിലെ ചാരിറ്റിക്ക് പ്രോത്സാഹന തുകയും പ്രവാസി സംഘനകള്‍ക്ക് ലഭ്യമാക്കുമെന്നും ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചു.