കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹാദ് യൂസഫ് സൗദ് അൽ സബാഹുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കുവൈത്തിന്റെ വികസനരംഗങ്ങളിൽ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ സമൂഹം നൽകിയ വലിയ സംഭാവനയെ ശൈഖ് ഫഹാദ് പ്രശംസിച്ചു.
കുവൈത്ത് സിറ്റി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി കുവൈത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ഊഷ്മളമായ സ്വീകരണം. കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹാദ് യൂസഫ് സൗദ് അൽ സബാഹ് അൽ ബയാൻ പാലസിൽ മുഖ്യമന്ത്രിയെ സ്വീകരിച്ച് ചര്‍ച്ചകള്‍ നടത്തി. കുവൈത്ത് ധനകാര്യ മന്ത്രിയും കുവൈത്ത് ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി ചെയർമാനുമായ ഡോ. സബീഹ് അൽ മുഖൈസീം കൂടിക്കാഴ്ചയിലുണ്ടായിരുന്നു.
ഇന്ത്യ–കുവൈത്ത് ബന്ധത്തിന്റെ ദൈർഘ്യവും ശക്തിയും യോഗത്തിൽ ഇരുവിഭാഗവും ചർച്ച ചെയ്തു. കുവൈത്തിന്റെ വികസനരംഗങ്ങളിൽ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ സമൂഹം നൽകിയ വലിയ സംഭാവനയെ ശൈഖ് ഫഹാദ് പ്രശംസിച്ചു. കേരളീയ സമൂഹത്തെ പിന്തുണച്ച് കുവൈത്ത് ഭരണകൂടം കാഴ്ചവെക്കുന്ന സൗഹൃദത്തിനും സഹകരണത്തിനും മുഖ്യമന്ത്രി നന്ദി രേഖപ്പെടുത്തി. കേരളത്തിലെ നിക്ഷേപ സൗഹൃദാന്തരീക്ഷവും വികസന മേഖലകളിലെ പ്രോജക്ട് സാധ്യതകളും മുഖ്യമന്ത്രി വിശദീകരിച്ചു.
ചീഫ് സെക്രട്ടറി ഡോ. ജയതിലക് ഐ.എ.എസ്, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. കുവൈത്ത് ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി ഡയറക്ടർ ബോർഡ് അംഗം ശൈഖ് മിഷാൽ ജാബർ അൽ അഹ്മദ് അൽ സബാഹുമായും മുഖ്യമന്ത്രി പിന്നീട് കൂടിക്കാഴ്ച നടത്തി. കേരളത്തിലെ നിക്ഷേപ സാധ്യതകൾ വിലയിരുത്തുന്നതിനായി കുവൈത്തിൽ നിന്നും ഒരു ഉന്നത പ്രതിനിധി സംഘം ഉടൻ തന്നെ കേരളം സന്ദർശിക്കുമെന്ന് ശൈഖ് മിഷാൽ അറിയിച്ചു.


