കൊച്ചി: യുഎഇയിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹ‍ർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രവാസികളെ മടക്കിക്കൊണ്ടുവരുന്ന കാര്യത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഇന്ന് കോടതിയിൽ വിശദീകരണം നൽകും. 

ദുബായ് കെഎംസിസിയാണ് ഹർജിയുമായി കോടതിയെ സമീപിച്ചിട്ടുള്ളത്. പ്രവാസികൾ കൂട്ടത്തോടെ വന്നാൽ സംസ്ഥാനത്തിന് അത് കൈകാര്യം ചെയ്യാനാകുമോയെന്ന് നേരത്തേ ഹർജി പരിഗണിച്ചപ്പോള്‍ കോടതി ആരാഞ്ഞിരുന്നു.

'കേരളത്തിന്‍റെ കൊവിഡ് പ്രതിരോധ പ്രവർത്തനം ഇതുവരെ  മാതൃകാപരമാണ്. ലോക രാഷ്ട്രങ്ങൾ അത് അംഗീകരിച്ചതുമാണ്. എന്നാൽ മടങ്ങിയെത്തുന്നവരിൽ ഒരാൾക്കെങ്കിലും കൊവിഡ് ഉണ്ടായാൽ ഇതുവരെ സ്വീകരിച്ച നടപടികൾ വെറുതെയാകും' എന്നായിരുന്നു കോടതിയുടെ നിരീക്ഷണം. 

Read more: കൊവിഡ് 19: ഒമാനിൽ പ്രതിദിന കേസുകള്‍ 500 ആയി ഉയരുമെന്ന് ആരോഗ്യ മന്ത്രി

എന്നാൽ എല്ലാവരെയും മടക്കികൊണ്ടുവരാനല്ല, വിസിറ്റിംഗ് വിസയിൽ എത്തി കുടുങ്ങിപ്പോയവർ, വിസ കാലാവധി കഴിഞ്ഞവർ അടക്കമുള്ളവർക്ക് മുൻഗണന നൽകി നാട്ടിലെത്തിക്കണമെന്നാണ് ഹർജിക്കാർ ആവശ്യപ്പെട്ടത്. ഗൾഫിൽ എത്രപേർ കുടുങ്ങി കിടക്കുന്നുവെന്ന് അറിയാൻ ഓൺലൈൻ പോർട്ടൽ തുടങ്ങണമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. 

ഗൾഫിൽ കുടുങ്ങിയ പ്രവാസികളെ തിരികെ കൊണ്ടുവരില്ലെന്ന കേന്ദ്രസർക്കാർ നിലപാട് അപലപനീയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രോഗികൾ, പ്രായമായവർ, കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നവർ, പൂർണഗർഭിണികൾ എന്നിവരെ ചാർട്ടേഡ് വിമാനം വഴി തിരിച്ചുകൊണ്ടുവരാൻ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

Read more: കൊവിഡ് 19: ഗള്‍ഫില്‍ രോഗബാധിതർ 20,000 കടന്നു; കുവൈത്തില്‍ ഇന്ത്യക്കാരില്‍ രോഗം വർധിക്കുന്നു