റിയാദ്​: ഓ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ ഒമ്പതാം വാർഷികാഘോഷം വെള്ളിയാഴ്​ച. പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന്​ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജിദ്ദ വഴി റിയാദിലെത്തുന്ന രമേശ്​ ചെന്നിത്തല ശനിയാഴ്​ച തിരിച്ചുപോകും. വാർഷികാഘോഷങ്ങളുടെ ഭാഗമായി വിപുലമായ പരിപാടികളുണ്ടാവും.

റിയാദ്​ അസീസിയയിലെ നെസ്​റ്റോ ഹൈപർമാർക്കറ്റ് ഓഡിറ്റോറിയത്തിൽ വൈകീട്ടാണ്​ ആഘോഷ​ പരിപാടി.  രണ്ടു മാസം മു​േമ്പ ആരംഭിച്ച ആഘോഷങ്ങളുടെ സമാപനമാണ്​ വെള്ളിയാഴ്​ച നടക്കുന്നത്​. ഇതിനകം ഗ്രാമഫോൺ എന്ന പേരിൽ മാപ്പിളപ്പാട്ട് മത്സരം, മക്കാനി എന്ന പേരിൽ പാചക മത്സരം, വിവിധ കായിക മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു. വൈകീട്ട്​ ആറിന്​ കലാപരിപാടികൾ ആരംഭിക്കും. പ്രമുഖ പിന്നണി ഗായകൻ ഫ്രാങ്കോ, മാപ്പിളപ്പാട്ട്​ ഗായകൻ ആസിഫു കാപ്പാട്​ എന്നിവർ നയിക്കുന്ന ഗാനമേള, റിയാദിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ, നൃത്തനൃത്യങ്ങൾ എന്നിവയും അരങ്ങേറും.

കഠിനാധ്വാനവും ആത്മസമര്‍പ്പണവും കൊണ്ട് ബിസിനസ് രംഗത്ത് ശ്രദ്ധേയരായ മൂന്ന്​ പ്രവാസികളെ ചടങ്ങിൽ  ബിസിനസ്​ എക്​സലൻസ്​ അവാർഡ്​ നൽകി ആദരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. കൊയിലാണ്ടി സ്വദേശി മുഹമ്മദ് റാഫി, മാവേലിക്കര മാങ്കാംകുഴി സ്വദേശി റഫീഖ് ഷറഫുദ്ദീന്‍, ഇരിഞ്ഞാലക്കുട കല്ലേറ്റിങ്കര സ്വദേശി ഷാജു വാലപ്പന്‍ എന്നിവർക്ക്​ രമേശ്​ ചെന്നിത്തല പുരസ്​കാരം സമ്മാനിക്കും. വാർത്താസമ്മേളനത്തിൽ ജനറർ സെക്രട്ടറിയും പ്രോഗ്രാം ജനറർ കണവീനറുമായ അബ്​ദുല്ല വല്ലാഞ്ചിറ, ജനറൽ സെക്രട്ടറി സജി കായംകുളം, ട്രഷറർ നവാസ് വെള്ളിമാട്കുന്ന്, വൈസ് പ്രസിഡൻറുമാരായ സലിം കളക്കര, മുഹമ്മദലി മണ്ണാർക്കാട്, കൾച്ചറൽ പ്രോഗ്രാം കൺവീനർ ഷംനാദ് കരുനാഗപ്പള്ളി എന്നിവർ പങ്കെടുത്തു.