2002ലാണ് ആയുര്‍വേദ ചികിത്സയ്ക്ക് യുഎഇയില്‍ അംഗീകാരം ലഭിക്കുന്നത്. ഇതേ വര്‍ഷം തന്നെ അദ്ദേഹത്തിന് എം ഒ എച്ച് ലൈസന്‍സും ലഭിച്ചു.

അബുദാബി: മലയാളി ആയുര്‍വേദ ഡോക്ടര്‍ക്ക് യുഎഇയുടെ ഗോള്‍ഡന്‍ വിസ. അബുദാബി ബുര്‍ജീല്‍ ഡോ സര്‍ജറി സെന്ററിലെ വൈദ്യശാലയുടെ സിഇഒ ആയ ഡോ. ശ്യാം വിശ്വനാഥന്‍ പിള്ളയ്ക്കാണ് 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ ലഭിച്ചത്. മെഡിക്കല്‍ പ്രൊഫഷണലുകള്‍, ഡോക്ടര്‍മാര്‍ എന്നിവരുടെ കാറ്റഗറിയില്‍പ്പെടുത്തി ജൂണ്‍ 17നാണ് ഡോ. ശ്യാമിന് ഗോള്‍ഡന്‍ വിസ ലഭിച്ചത്. 

കൊല്ലം സ്വദേശിയായ ഡോ. ശ്യാം 2001ലാണ് ദുബൈയിലെത്തിയത്. ആയുര്‍വേദത്തില്‍ എംഡി നേടിയതിന് ശേഷം കെമ്പിന്‍സ്‌കി ഹോട്ടലില്‍ ആയുര്‍വേദ തെറാപ്പി, സ്പാ എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാനാണ് ശ്യാം ദുബൈയിലെത്തിയത്. 2002ലാണ് ആയുര്‍വേദ ചികിത്സയ്ക്ക് യുഎഇയില്‍ അംഗീകാരം ലഭിക്കുന്നത്. ഇതേ വര്‍ഷം തന്നെ അദ്ദേഹത്തിന് എം ഒ എച്ച് ലൈസന്‍സും ലഭിച്ചു. ആയുര്‍വേദത്തിനും ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും നല്‍കുന്ന പിന്തുണയ്ക്ക് യുഎഇ ഭരണാധികാരികള്‍ക്ക് അദ്ദേഹം നന്ദി അറിയിച്ചു.

മലയാളിയായ മറ്റൊരു ആയുര്‍വേദ ഡോക്ടര്‍ ഡോ. ജസ്‍നാസ് ആയൂർവേദ ക്ലിനിക്ക് മെഡിക്കൽ ഡയറക്ടർ ഡോ. ജസ്‍ന ജമാലിനും ദുബൈ ജി.ഡി.ആർ.എഫ്.എ അധികൃതർ ഗോൾഡൻ വിസ നൽകി ആദരിച്ചു. തൃപ്പൂണിത്തുറ ഗവ. ആയൂർവേദ മെഡിക്കൽ കോളജിൽ നിന്ന് പഠനം പൂർത്തിയാക്കിയ ജസ്‍ന 12 വർഷത്തിലേറെയായി ദുബൈയിൽ ആയൂർവേദ ചികിൽസാ രംഗത്ത് സജീവമാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona