കോട്ടയം: ദുബായില്‍ മലയാളി കൊവിഡ് ബാധിച്ച് മരിച്ചു.  ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി ഷാജി സക്കറിയയാണ് മരിച്ചത്. ദുബായിലുള്ള ജിൻകോ കമ്പനിയിൽ ഇലക്ട്രിക്കൽ സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്നു. പാൻക്രിയാസ് സംബന്ധമായ അസുഖത്തെ തുടർന്നാണ് കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ ഗൾഫിൽ കൊവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം ആറായി. 

സൗദി അറേബ്യയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗബാധിതരുള്ളത്. 5369 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.  സൗദിയിൽ 73 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. അതേസമയം യുഎഇയിലെ വൈറസ് ബാധിതരുടെ എണ്ണം 4933 ആയി. ഇതുവരെ 28 പേര്‍ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ മുപ്പത്തിയേഴായിരം പേരെയാണ് രാജ്യത്ത് പരിശോധനയ്ക്ക് വിധേയരാക്കിയത്. ഖത്തറില്‍ 3428 പേരിലും, കുവൈത്ത് 1355, ബഹറൈന്‍ 1522, ഒമാനില്‍ 813 പേരിലും വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. വരുന്ന നാലാഴ്ച രോഗബാധിതരുടെ എണ്ണം കൂടാന്‍ സാധ്യതയുണ്ടെന്ന് യുഎഇ ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. താമസയിടങ്ങളില്‍ നിന്നും അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.