മസ്‌കത്ത് റോയല്‍ ആശുപത്രിയില്‍ തീവ്രപരിചണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു അദ്ദേഹം

മസ്‍കത്ത് : ഒമാനില്‍ കൊവിഡ് ബാധിച്ച് മലയാളി ഡോക്ടര്‍ മരിച്ചു. ചങ്ങനാശ്ശേരി സ്വദേശി ഡോ. രാജേന്ദ്രന്‍ നായരാണ് മരിച്ചത്. 76 വയസ്സായിരുന്നു. മസ്‌കത്ത് റോയല്‍ ആശുപത്രിയില്‍ തീവ്രപരിചണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. 

40 വര്‍ഷത്തിലേറെയായി ഒമാനില്‍ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിച്ചുവരികയായിരുന്ന ഡോ. രാജേന്ദ്രന്‍ നായര്‍ ഒമാന്‍ സമയം വൈകുന്നേരം 4.50ഓടെയായിരുന്നു മരിച്ചത്. ഇതോടെ ഒമാനില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി ഉയര്‍ന്നു. അതേസമയം ഒമാനിൽ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞു. ഇന്ന് 109 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 97 പേരും വിദേശികളാണ്. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 1019ല്‍ എത്തിയെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാർത്തകുറിപ്പിൽ പറയുന്നു. വൈറസ് ബാധിതരിൽ 636 പേര്‍ വിദേശികളും 384 പേര്‍ ഒമാൻ സ്വദേശികളുമാണ്. 176 പേർ ഇതുവരെ രോഗമുക്തരായി.